13 മാസം, 50000 വിൻഡ്‌സർ ഇവി നിരത്തുകളിൽ; പുതിയ നാഴികകല്ല് പിന്നിട്ട് എംജി മോട്ടോഴ്സ്
വിപണിയിൽ പുതിയ നാഴികകല്ല് പിന്നിട്ട് എംജി മോട്ടോഴ്സ്. 13 മാസത്തിനുള്ളിൽ 50,000 വിൻഡ്‌സർ ഇവികളാണ് നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറിലാണ് വിൻഡ്സർ ഇവി എംജി വിപണിയിൽ എത്തിച്ചത്. ഇതോടെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ഫോർ വീലർ ഇലക്ട്രിക് വാഹനമായി മാറിയിരിക്കുകയാണ് വിൻഡ്‌സർ ഇവി.
മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ മാത്രമല്ല, ടയർ -2, ടയർ -3 മേഖലകളിലും ഇലക്ട്രിക് വാഹനത്തോടുള്ള താൽപര്യം കൂടുതലാണ്. എംജിയുടെ വാഹന നിരയിൽ അഞ്ച് ഇലക്ട്രിക് മോഡലുകൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും വിൻഡ്സർ ഇവി പിവണിയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. വിൽപനയ്ക്കെത്തിയ നാൾ മുതൽ ഇവി വിപണിയിൽ വിൻഡ്സർ വിപണിയിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ഇന്റലിജെന്റ് സിയുവി എന്ന വിശേഷണത്തോടെയാണ് ഈ വാഹനം എത്തിയത്.
13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെയാണ് എംജിയുടെ ഇലക്ട്രിക് വാഹനത്തിന്റെ വിപണി വില. ബാറ്ററി വാടകയ്‌ക്ക് എടുക്കുന്ന BaaS സംവിധാനമാണ് തിരഞ്ഞെടുക്കുകയെങ്കിൽ 9.99 ലക്ഷം രൂപ നൽകി വാഹനം സ്വന്തമാക്കാം. എന്നാൽ കിലോമീറ്ററിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന 3.50 രൂപ വാടക നൽകേണ്ടിവരും. മൂന്ന് വേരിയന്റിലായാണ് വാഹനം വിപണിയിലെത്തിച്ചിരുന്നത്. 13,99,800 രൂപ വിലവരുന്ന എക്സൈറ്റ്, 14,99,800 രൂപ വരുന്ന എക്സ്ക്ലുസീവ്, 15,99,800 രൂപ വരുന്ന എസെൻസ് എന്നിവയാണ് വിപണിയിൽ എംജി അവതരിപ്പിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വാഹനം വാഗദാനം ചെയ്തത്.
ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനുമാകും. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് എന്നിവ വാഹനത്തിന്റെ സവിശേഷകളാണ്.
Story Highlights : MG Windsor EV Crosses 50000 Unit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




