ഓസ്‌ട്രേലിയ- കാനഡ- ഇന്ത്യ സാങ്കേതിക സഹകരണ സഖ്യം; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ജി20 ഉച്ചകോടിയുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നെയുമായും കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഓസ്‌ട്രേലിയ- കാനഡ- ഇന്ത്യ സാങ്കേതിക സഹകരണം ( എസിഐടിഐ) വിപുലമാക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജൊഹാനാസ് ബെര്‍ഗില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മൂന്ന് വ്യത്യസ്ത ഭൂഘണ്ഡങ്ങളില്‍ നിന്നുള്ള മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാവുകയാണെന്നാണ് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചത്. വിതരണ ശൃംഖലകള്‍ ശക്തമാക്കുക, ഊര്‍ജ സഹകരണം വിപുലമാക്കുക, എഐ സാങ്കേതിക വിദ്യയുടെ വികാസത്തില്‍ സഹകരിക്കുക എന്നീ തീരുമാനങ്ങളാണ് യോഗത്തിന്റെ ഭാഗമായി കൈക്കൊണ്ടിരിക്കുന്നത്.
മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതാകും ഉദ്യമമെന്ന് മോദി വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീന്‍ എനര്‍ജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും സഹകരണം. കൊറിയന്‍ പ്രസിഡന്റ് ലീ യേ മ്യൂങ്ങുമായും നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.
‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വര്‍ഷത്തെ ജി20-യുടെ പ്രമേയം. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്‌കാരങ്ങള്‍, വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ധനസഹായം, ആഗോള ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷാ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.
Story Highlights : india, Australia and Canada to form new trilateral technology and innovation alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




