ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കേസിൽ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു .ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് ശബരിമല വഴി മാത്രമാണ് അറിയുന്നതെന്ന വിവരമാണ് പത്മകുമാർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. പത്മകുമാർ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹൈക്കോടതിയിൽ നൽകുന്ന രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രതികളുടെ പങ്ക് സംബന്ധിച്ച കാര്യങ്ങൾ കൂടി അന്വേഷണ സംഘം ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇന്നലെയാണ് പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ കൊല്ലം വിജിലൻസ് കോടതി വിട്ടത്.
അതേസമയം, കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രതികൂട്ടിൽ നിർത്തുന്നതാണ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയ്ക്ക് അടുത്ത ബന്ധമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും എ പത്മകുമാർ മൊഴി നൽകി. എന്നാൽ ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് ചട്ട വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി നീക്കം ആരംഭിച്ചു. തന്ത്രിയുടെ മൊഴിയും സംഘം വീണ്ടും എടുത്തേക്കും.
പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേക്ക് കൊല്ലം വിജിലൻസ് കോടതിയിൽ റിമാൻ്റ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജാമ്യം തള്ളിയതോടെ മുരാരി ബാബു ജാമ്യം തേടി ഹൈക്കോടതിയെ നാളെ സമീപിക്കും.
Story Highlights : Sabarimala Gold case; A Padmakumar remanded again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




