Advertisement

കര്‍ണാടകയില്‍ സിദ്ധരാമയ്യ തുടരുമോ ? ബി ജെ പി നീക്കത്തില്‍ കോണ്‍ഗ്രസിന് ആശങ്ക

November 27, 2025
Google News 2 minutes Read
karnataka

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നേതൃത്വമാറ്റം സംഭവിക്കുമോ ? സംഭവിക്കുമെന്നാണ് ഭരണകക്ഷി എം എല്‍ എമാര്‍ നല്‍കുന്ന സൂചനകള്‍. രണ്ടര വര്‍ഷം മുന്‍പ് മന്ത്രിസഭുടെ രൂപീകരണ സമയത്തുതന്നെ നേതൃത്വം രണ്ടാം പകുതിയില്‍ മുഖ്യമന്ത്രിസ്ഥാനം വെച്ചുമാറാമെന്ന ധാരണയുണ്ടായിരുന്നെന്നാണ് ഡി കെ ശിവകുമാറിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പടുത്തുന്നത്. എന്നാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഇതേവരെ നടത്തിയിട്ടില്ല. ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി കെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന പ്രസ്താവനയുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാരിനെ ഏതുവിധേനയും തകര്‍ക്കുകയെന്നാണ് ബി ജെ പി ലക്ഷ്യം. ഇതിനായി കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ തമ്മില്‍ അകറ്റുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് ബി ജെ പി ഡി കെ ശിവകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ബി ജെ പി യുടെ പ്രസ്താവനയെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നോക്കിക്കാണുന്നത്. എല്ലാകാലത്തും രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സംസ്ഥാനമാണ് കര്‍ണാടക. റിസോര്‍ട്ട് രാഷ്ട്രീയം ഏറെ കണ്ടുമടുത്ത കര്‍ണാടക രാഷ്ട്രീയത്തില്‍ എന്താണ് ഇനി നടമാടുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഒരു മാറ്റവും ആവശ്യപ്പെട്ടിട്ടില്ലെന്നും, സിദ്ധരാമയ്യയുടെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നുമാണ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ആറ് എം എല്‍ എമാര്‍ നേരിട്ട് എ ഐ സി സി അധ്യക്ഷനെ കണ്ട് കര്‍ണാടകയില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് അറിയിച്ചതിനെ കുറിച്ച് ഡി കെ ശിവകുമാര്‍ മൗനം പാലിക്കുകയാണ്.

ഡി കെ ശിവകുമാര്‍ നേരിട്ട് ഒരു നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഒരേ കസേരയില്‍ ദീര്‍ഘനാള്‍ ഒരാള്‍ തുടരുന്നത് ശരിയല്ലെന്നും പി സി സി അധ്യക്ഷസ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും ഡി കെ ശിവകുമാര്‍ പരസ്യ പ്രസ്താവന നടത്തിയത് വ്യക്തമായ സൂചനയായാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിയത്. കോണ്‍ഗ്രസ് നേതാക്കളുമായി നേരത്തെതന്നെ നേതൃമാറ്റം സംബന്ധിച്ച് ഡി കെ ശിവകുമാര്‍ പക്ഷം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകളോട് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നില്ല. നേതൃമാറ്റം സംബന്ധിച്ച് കര്‍ണാടക രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കമ്പുഴും അടുത്ത ആഴ്ചയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡും വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മാറിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തനായ നേതാവാണ് ഡി കെ ശിവകുമാര്‍. നിലവില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷസ്ഥാനവും ഡി കെ ശിവകുമാറിന്റെ കൈകളിലാണ്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ തനിക്ക് താലപര്യമില്ലെന്ന് മന്ത്രിസഭ രണ്ടര വര്‍ഷം തികയ്ക്കുന്ന ദിവസം ഡി കെ ശിവകുമാര്‍ നടത്തിയ പ്രസ്താവനയാണ് കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയമാറ്റത്തിനുള്ള നീക്കങ്ങള്‍ സജീവമാക്കിയത്.

ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് ഏറ്റവും ശക്തമായ വേരുകളുള്ള സംസ്ഥാനമായിരുന്നു കര്‍ണാടക. എന്നാല്‍ അധികാരത്തര്‍ക്കവും തമ്മില്‍ തല്ലും അഴിമതിയാരോപണവും ബി ജെ പിയുടെ ശക്തി ക്ഷയിപ്പിച്ചു. ഇതോടെ കോണ്‍ഗ്രസ് പഴയപ്രതാപം തിരിച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജെ ഡി എസുമായി രാഷ്ട്രീയ സഖ്യം രൂപീകരിച്ചതോടെ ബി ജെ പി ആത്മവിശ്വാസത്തിലാണ്. ഏതുവിധേനയും സംസ്ഥാന ഭരണം തിരികെ പിടിക്കുകയെന്ന ലക്ഷ്യമാണ് ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡി കെ ശിവകുമാര്‍ എന്ന നേതാവിന്റെ കരുത്തിലാണ് കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ബി ജെ പി രാജ്യത്താകമാനം അധികാരം വെട്ടിപ്പിടിച്ചിരുന്ന സമയത്താണ് കര്‍ണാടകയില്‍ ബി ജെ പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് അധികാരം തിരികെ പിടിക്കുന്നത്. മുഡ അഴിമതിയില്‍ അകപ്പെട്ടതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ പിന്തുണ കുറഞ്ഞെന്നും, ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തുകൊണ്ടുവന്ന് അധികാര തുടര്‍ച്ചയുണ്ടാക്കുകയെന്നതാണ് ഹൈക്കമാന്റിന്റെ മുന്നില്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം.

Story Highlights : Will Siddaramaiah continue in Karnataka? Congress concerned over BJP’s move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here