Advertisement

മുനമ്പം ഭൂസമരം അവസാനിക്കുന്നു; മറ്റന്നാള്‍ സമരം അവസാനിപ്പിക്കാന്‍ കോര്‍ കമ്മിറ്റി യോഗ തീരുമാനം

November 28, 2025
Google News 2 minutes Read
MUNAMBAM

മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ക്കായി ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനം. മുനമ്പത്തുകാരില്‍ നിന്ന് നികുതി താല്‍ക്കാലികമായി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയതോടെ സമരത്തിന്റെ പ്രധാന ആവശ്യം യാഥാര്‍ഥ്യമായ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന് കോര്‍ കമ്മിറ്റിയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. മന്ത്രി പി രാജീവ് മറ്റന്നാള്‍ സമരപ്പന്തലില്‍ എത്തും. 413 ദിവസമായി തുടരുന്ന സമരമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. ഹൈക്കോടതി ഉത്തരവിനു പിന്നാലെ 250 ഓളം കുടുംബങ്ങളാണ് കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചത്.

കേസില്‍ അന്തിമവിധി വരുന്നത് വരെ താത്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇടക്കാല ഉത്തരവ് നല്‍കിയത്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. വസ്തു ഉപയോഗിച്ച് ലോണ്‍ എടുക്കാനും കെട്ടിട പെര്‍മിറ്റ് ലഭിക്കാനുമുള്ള തടസ്സം മാറിയെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

റവന്യൂ അവകാശങ്ങള്‍ക്കായി 615 കുടുംബങ്ങളാണ് സമരത്തിലുള്ളത്. 2019 ലാണ് വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുന്നത്. 2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്.

Story Highlights : The Munambam Land Protection Committee is set to end protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here