ഡിറ്റ്‌വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 100 കടന്നു
ശ്രീലങ്കയിലുണ്ടായ ഡിറ്റ്‌വാ ചുഴലിക്കാറ്റിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറു കടന്നു. ശ്രീലങ്കയുടെ മധ്യ, കിഴക്കൻ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. ശ്രീലങ്കയിലെ 20 ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
ബദുള്ള, നുവാര ഏലിയ മേഖലകളിലായി മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റെയിൽവേ- റോഡ് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അമ്പതിനായിരത്തോളം പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ‘ഡിറ്റ്‌വാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം കൂടി. ചുഴലിക്കാറ്റ് രൂപം കൊണ്ടതിനാൽ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് കടലൂർ, മൈലാടുതുറൈ, വിഴുപുരം, ചെങ്കൽപ്പെട്ട് ജില്ലകളിലും പുതുച്ചേരിയിലും 20 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35-നും 45-നും ഇടയിൽ വേഗത്തിൽ കാറ്റ് വീശുന്നതിനാൽ രാമേശ്വരം പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിെവച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് രാമേശ്വരത്തേക്ക് വരുന്ന തീവണ്ടികൾ മണ്ഡപം റെയിൽവേ സ്‌റ്റേഷൻവരെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.
Story Highlights : Cyclone Ditva; Death toll in Sri Lanka floods, landslides passes 100
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




