റോ – കോ ജോഡി കത്തിക്കയറുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. രോഹിത് ശര്‍മയും വിരാട് കോലിയും വീണ്ടും കളത്തിലെത്തുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.
ലോക ക്രിക്കറ്റിന്റെ നെറുകയില്‍ നിന്നിരുന്ന ഇന്ത്യന്‍ ടീം പൊടുന്നനെ പാതാളത്തില്‍ വീണ അവസ്ഥയിലാണ്. നിര്‍ബന്ധിത തലമുറമാറ്റത്തിനൊപ്പം പരിശീലകന്‍ ഗൗതം ഗംഭീറിന്റെ തലതിരിഞ്ഞ പരീക്ഷണങ്ങള്‍ കൂടിയായപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും തോറ്റു. പ്രോട്ടീസിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങിയാണ് പരമ്പര കൈവിട്ടത്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഏകദിന പരമ്പരയില്‍ വമ്പന്‍ പ്രകടനം തന്നെ അനിവാര്യമാണ്.
നായകന്‍ ശുഭ്മാന്‍ ഗില്ലിനും ഉപനായകന്‍ ശ്രേയസ് അയ്യര്‍ക്കും പരുക്കായതിനാല്‍ കെഎല്‍ രാഹുലിന് കീഴിലാണ് ടീം ഇറങ്ങുക. പക്ഷെ, ആരാധകരുടെ കണ്ണും മനസുമെല്ലാം രോഹിത് ശര്‍മ – വിരാട് കോലി ജോഡിയിലേക്കാണ്. ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ ജയിപ്പിച്ച റോ – കോ ജോഡിയുടെ ഹോം ഗ്രൗണ്ടിലും കത്തിക്കയറുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ താരമായ രോഹിത് ബാറ്റെടുക്കുന്നത് ഒന്നാം റാങ്കുകാരനെന്ന തലയെടുപ്പോട് കൂടിയാണ്. ഗില്‍ ഇല്ലാത്തതിനാല്‍
യശസ്വി ജയ്‌സ്വാളായിരിക്കും ഓപ്പണിങ്ങില്‍ രോഹിത്തിന് കൂട്ട്. ഋഷഭ് പന്ത്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയെന്നതും പ്രത്യേകതയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം റാഞ്ചിയിലാണ്. രണ്ടാം ഏകദിനം ബുധനാഴ്ച റായ്പൂരിലും
മൂന്നാം മത്സരം അടുത്ത ശനിയാഴ്ച വിശാഖപട്ടണത്തും നടക്കും.
Story Highlights : India vs South Africa ODI series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




