Advertisement

പ്രതിനിധ സംഘത്തിലെ ചിലര്‍ക്ക് വിസ നല്‍കില്ലെന്ന് യുഎസ്; ഫിഫ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇറാന്‍

November 29, 2025
Google News 2 minutes Read
FIFA meeting

അടുത്തയാഴ്ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോക കപ്പ് ഫൈനല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധിസംഘത്തിലെ ചില ഒഫീഷ്യലുകള്‍ക്ക് വിസ നല്‍കാന്‍ യുഎസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍. വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇറാനിയന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ വര്‍സേഷ്-3 റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ തീരുമാനങ്ങള്‍ക്ക് സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ ലോകകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കില്ലെന്നും തങ്ങള്‍ ഫിഫയെ അറിയിച്ചതായും ഫെഡറേഷന്‍ വക്താവ് ഇറാനിയന്‍ ടെലിവിഷനിലും വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ക്കാണ് വിസ അനുവദിക്കില്ലെന്ന് യുഎസ് അറിയിച്ചതായി പറയുന്നത്. തീരുമാനം തികച്ചും ഒരു രാഷ്ട്രീയ നിലപാടാണെന്നും ഇത്തരം നീക്കങ്ങളില്‍ നിന്നും പിന്‍മാറാന്‍ യുഎസിനോട് ആവശ്യപ്പെടണമെന്ന് ഫിഫ മേധാവി ഇന്‍ഫാന്റിനോയോട് പറഞ്ഞതായി മെഹ്ദി താജ് അറിയിച്ചു. അതേ സമയം ഇറാന്‍ ദേശീയ ടീം പരിശീലകന്‍ അമീര്‍ ഗലേനോയി ഉള്‍പ്പെടെ പ്രതിനിധി സംഘത്തിലെ നാല് അംഗങ്ങള്‍ക്ക് ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഫിഫ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള വിസ യുഎസ് അനുവദിച്ചിട്ടുമുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഇറാനും യുഎസും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കായിക രംഗത്തും പ്രതിഫലിക്കുന്നത്. ഏറ്റവുമൊടുവില്‍ യുറേനിയം സമ്പുഷ്ടികരിക്കുന്നതിനുള്ള ഇറാന്റെ അവകാശത്തെ ചൊല്ലിയായിരുന്നു ഇരുപക്ഷവും തര്‍ക്കം ഉടലെടുത്തത്.

Story Highlights: Iran to boycott FIFA World Cup draw in US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here