Advertisement

ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എ പത്മകുമാര്‍; കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

November 29, 2025
Google News 1 minute Read
padmakumar

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യത്തിനായി തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദം.

കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്. അതിലേക്ക് തന്നെ വലിച്ചിഴക്കരുത്. അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങള്‍ താന്‍ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.

അതേസമയം, കേസില്‍ ഏഴാം പ്രതിയായ മുന്‍ തിരുവാഭാരണ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. നിലവില്‍ കേസ് അന്വേഷണം പൂര്‍ത്തിയായില്ലെന്നും ഈ ഘട്ടത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതിനിടെ, ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപ്പാളി കടത്തിയ കേസില്‍ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ എസ് ബൈജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.ദേവസ്വം ബോര്‍ഡ് അനുമതിയോടെയാണ് സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയതെന്ന് കെ എസ് ബൈജു ആവര്‍ത്തിച്ചു.

തന്ത്രിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനമെടുത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനിച്ചു. ഡിസംബര്‍ 5 വരെ കെ എസ് ബൈജുവിനെ റിമാന്റ് ചെയ്തു. കേസില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ അടുത്ത മാസം 3 ലേക്ക് മാറ്റി.

Story Highlights : Sabarimala gold theft case: A Padmakumar seeks bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here