Advertisement

‘മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ല, സർക്കാർ ഒപ്പമുണ്ടാകും; മുനമ്പം രാഷ്ട്രീയ ആയുധമാക്കരുത്’; മന്ത്രി കെ രാജൻ

November 30, 2025
Google News 2 minutes Read

മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ‌. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ സർക്കാർ ഒപ്പമുണ്ടാകും. മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കരുത് എന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മുനമ്പം സമരസമിതി സമരം അവസാനിപ്പിക്കുന്നതിന് പിന്നാലെ മറ്റൊരു വിഭാഗം സമരം ആരംഭിക്കുന്നതിനെയാണ് മന്ത്രി വിമർശിച്ചത്. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് സമരസമിതി സമരം അവസാനിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സമരം ആരംഭിക്കാനുള്ള ചില തൽപരകക്ഷികളുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം സമരങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം പാടില്ല. മുനമ്പത്തെ ജനങ്ങൾ അനാഥമാകില്ല. 600ഓളം വരുന്ന കുടുംബങ്ങൾക്കൊപ്പം ആണ് സർക്കാർ നിൽക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നികുതി അടക്കുന്നതിനും ഭൂമി പോക്ക് വരവ് നടത്തുന്നതിനും നിലവിൽ അനുമതിയുണ്ട്. മുനമ്പത്തെ ജനതയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പെരുമാറ്റച്ചട്ടം നീങ്ങിയാൽ തുടർനടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: ‘രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്; പ്രചാരണത്തിന് ഇറങ്ങേണ്ട’; കെ മുരളീധരൻ

2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർ‍ഡ് റജിസ്റ്ററിൽ ചേർക്കുന്നത്. 2021 മുതൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയക്ക് 2022 ൽ കരമടയ്ക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്നിങ്ങോട്ട് ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിൽ ആയിരുന്നു മുനമ്പം ജനത. പിന്നീടാണ് 414 ദിവസം നീണ്ടുനിന്ന സമരം ആരംഭിച്ചത്.

മാസങ്ങളും വർഷങ്ങളും നീണ്ട നിയമവ്യവഹരാത്തിനൊടുവിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. വഖഫ് പരിധിയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ സമരം തുടരുമെന്നാണ് വിമത പക്ഷത്തിന്റെ പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുനമ്പത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുന്നതാണ് വിമത പക്ഷത്തിന്റെ സമര പ്രഖ്യാപനം.

Story Highlights : Minister K Rajan says Kerala government is with people of Munambam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here