മുനമ്പം സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി; പുതിയ സമരം തുടങ്ങി ഒരു വിഭാഗം; ഭിന്നത തുടരുന്നു
മുനമ്പത്തെ സമരം അവസാനിപ്പിച്ച് ഭൂസംരക്ഷണ സമിതി. കരമടയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്കിടയിലെ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ മറുവിഭാഗം പുതിയ പ്രതിഷേധം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. മമന്ത്രിമാരായ കെ രാജനും പി രാജീവുമെത്തി സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് താത്ക്കാലിക വിരാമമായത്. (munambam protest ends)
ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മറുവിഭാഗം പറയുന്നത്. മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് സമരസമിതി സമരം അനസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മറുവിഭാഗം ആരോപിച്ചു.
മുനമ്പം നിവാസികള്‍ക്ക് ഭൂമിയിലുള്ള നിയമപരമായ അവകാശങ്ങള്‍ നിയമപരമായി തന്നെ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മന്ത്രിമാരായ പി രാജീവും കെ രാജനും ഉറപ്പുനല്‍കി. ഒരു ദിവസത്തെ കൈയടിക്ക് വേണ്ടിയുള്ള എന്തെങ്കിലും താത്ക്കാലികമായ പരിഹാരമല്ല മുനമ്പത്ത് സര്‍ക്കാര്‍ ലക്ഷ്യം വച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
414 ദിവസങ്ങള്‍ നീണ്ടുനിന്ന സമരമാണ് അവസാനിച്ചിരിക്കുന്നത്. ഭൂമിയുടെ കരം മുനമ്പത്തെ ജനങ്ങള്‍ക്ക് അടയ്ക്കാമെന്ന് നവംബര്‍ 26നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ സംബന്ധിച്ച് 2022ലെ വഖഫ് സംരക്ഷണസമിതിയുടെ ഹര്‍ജിയോടെ ഉയര്‍ന്നുവന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരമാകുകയായിരുന്നു.
Story Highlights : munambam protest ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




