Advertisement

ഇങ്ങനെയുള്ളവരെ വെറുതെ വിട്ടയയ്ക്കരുത്, രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്തയാള്‍: റിനി ആന്‍ ജോര്‍ജ്

November 30, 2025
Google News 2 minutes Read
rini ann george against rahul easwar

സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി ട്വന്റിഫോറിനോട് പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്ന് റിനി കൂട്ടിച്ചേര്‍ത്തു. ( rini ann george against rahul easwar)

രാഹുല്‍ ഈശ്വറിനെതിരെ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് റിനി പറയുന്നു. അതിക്രമത്തിന് ഇരയായ സ്ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ ഈശ്വര്‍ കാറ്റില്‍പ്പറത്തി. തന്നെ നിരന്തരം തേജോവധം ചെയ്ത അയാള്‍ ഇപ്പോള്‍ അതിക്രമത്തിന് ഇരയായ യുവതിയെ നിന്ദ്യവും ക്രൂരവുമായ രീതിയില്‍ അധിക്ഷേപിക്കുകയാണ്. ഇതൊരു ചെറിയ വിഷയമല്ല. രാഹുലിനെ കസ്റ്റഡിയിലെടുത്ത് വിട്ടയ്ക്കുന്ന തരത്തില്‍ നടപടി ചുരുങ്ങരുതെന്നും റിനി കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ, താൻ മനപൂർവം വെളിപ്പെടുത്തിയിട്ടില്ല’; സന്ദീപ് വാര്യർ

അതിക്രമത്തിന് ശേഷം ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചുകൊണ്ടാണ് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരുന്നതെന്നും അവരെ അധിക്ഷേപിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും റിനി പറഞ്ഞു. ചില സൈബര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായ അധിക്ഷേപം നടക്കുന്നുണ്ട്. പരാതിയുമായി ഒരു സ്ത്രീയും വരാതിരിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇനി സ്ത്രീകളില്‍ ചിലരുടെ പരാതികള്‍ വ്യാജമാണെങ്കില്‍ തന്നെ അത് തീരുമാനിക്കേണ്ടത് കോടതിയാണെന്നും രാഹുല്‍ ഈശ്വറല്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.

Story Highlights : rini ann george against rahul easwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here