ഡോ. മോഹന്‍ദാസ് കെ സോട്ടോ അംഗമല്ല, ഡിഎംഇ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മാത്രമെന്ന് സംഘടന
ഡോ. എം.കെ മോഹന്‍ദാസ് കെ സോട്ടോ അംഗമല്ല, ഡിഎംഇ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മാത്രമെന്ന് കെ സോട്ടോ അറിയിച്ചു. കെ സോട്ടോയുടെ അംഗങ്ങളെ നിയമിക്കുന്നത് സര്‍ക്കാരാണ്. മരണാനന്തര പദ്ധതിയുടെ ഏകോപനം സുഗമമാക്കാന്‍ നിയോഗിച്ച ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് അദ്ദേഹമെന്നാണ് വിശദീകരണം. മരണാനന്തര പദ്ധതിയുടെ ഏകോപനത്തിന് ഉത്തരവാദിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നിൽ നിഷ്പ്തമായ ഡ്യൂട്ടി ചെയ്യാതെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ കെ-സോട്ടോയെ ചിത്രീകരിച്ചതിനാണ് സര്‍ക്കാര്‍ തലത്തില്‍ അച്ചടക്ക നടപടി ആരംഭിച്ചത്.
ദക്ഷിണ മേഖലയില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഡോ. എം.കെ മോഹന്‍ദാസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് ഒരേയൊരു മരണാനന്തര അവയവദാനം മാത്രമാണ് നടത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് വിടുതല്‍ ചെയ്യണമെങ്കില്‍ ഡി.എം.ഇ വഴി ഉചിതമായ മാര്‍ഗത്തിലൂടെയായിരുന്നു അദ്ദേഹം രാജി സമര്‍പ്പിക്കേണ്ടിയിരുന്നതെന്നും കെ സോട്ടോ വ്യക്തമാക്കി.
ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻ ദാസ് കെ. സോട്ടോയിൽ നിന്ന് രാജിവെച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോയ്ക്കെതിരെ ഡോ മോഹൻദാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ വിശദീകരണം തേടി മെമ്മോ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. സംസ്ഥാനസർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയാണ് കെ സോട്ടോ.
വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങൾ കൊണ്ട് രാജിവെക്കുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലീകാവകാശമാണെന്നും ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്ന് ഡോ മോഹൻദാസ് കുറിച്ചു.
Story Highlights : K-SOTTO reacts to Dr. Mohan Das’s resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




