രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ള പരാതി ഒരു മണിക്കൂറിനുള്ളിൽ ഡിജിപിക്ക് കൈമാറി, ഇതിനേക്കാൾ മാതൃകാപരമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും; വി.ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ള പരാതി ഒരു മണിക്കൂറിനുള്ളിൽ ഡിജിപിക്ക് കൈമാറി, ഇതിനേക്കാൾ മാതൃകാപരമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രധാനപ്പെട്ട പലര്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പൊലീസിന് കൈമാറിയിട്ടില്ലല്ലോ.
എന്നാല്‍ കെ.പി.സി.സി പ്രസിഡന്റിന് കിട്ടിയ പരാതി അദ്ദേഹം പൊലീസിന് കൈമാറി. പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെ. ആദ്യ കേസില്‍ എഫ്.ഐ.ആര്‍ എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ശക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലാപടെടുത്ത പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിട്ടില്ല. പരാതി പോലും വരാതെയാണ് ആദ്യം മാതൃകാപരമായ നടപടി എടുത്തത്. ഇപ്പോഴത്തെ പരാതി സംബന്ധിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനം എടുക്കും.
പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.സി പ്രസിഡന്റിന് പരാതി ലഭിച്ചത്. എന്നാല്‍ കുറ്റകൃത്യം നടന്നെന്ന പരാതി ആയതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് പൊലീസിന് കൈമാറി. ഇങ്ങനെയൊന്നും കേരളത്തില്‍ ഒരു പാര്‍ട്ടിയും ചെയ്തിട്ടില്ല. പലരുടെയും പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി കിട്ടിയിട്ടും പോലും പാര്‍ട്ടി തന്നെ അന്വേഷണം നടത്തി തീര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടു തന്നെ ഞങ്ങള്‍ അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. പരാതി വന്നപ്പോള്‍ തന്നെ പൊലീസിന് കൈമാറി. ഞങ്ങള്‍ ആരും ആരെയും പ്രതിരോധിക്കാന്‍ ഇറങ്ങിയിട്ടില്ല. തെറ്റ് ചെയ്താല്‍ അത് പൊലീസ് അന്വേഷിച്ച് തീരുമാനം എടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
Story Highlights : V D Satheeshan response on rahul mamkoottathil second case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




