വമ്പന്‍മാരുടെ ഗ്രൂപ്പില്‍ ആരല്ലാം?; 2026 ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് വെള്ളിയാഴ്ച, ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍
2026 ലോകകപ്പിന് ടീമുകളുടെ ഗ്രൂപ്പ് നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച വാഷിംഗ്ടണില്‍ നടക്കും. കെന്നഡി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടികളുടെ കേന്ദ്രബിന്ദുവാകും. 2022 ഖത്തര്‍ ലോകകപ്പില്‍ മത്സരിച്ചത് 32 രാജ്യങ്ങളാണെങ്കില്‍ ഇത്തവണ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ 48 ദേശീയ ടീമുകളായിരിക്കും പങ്കെടുക്കുക. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോക ഫുട്‌ബോള്‍ മാമാങ്കം. നറുക്കെടുപ്പ് ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന കാര്യം ചൊവ്വാഴ്ച തന്നെ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു. ഒപ്പം ഫിഫ മേധാവി ജിയാനി ഇന്‍ഫാന്റിനോയും ചടങ്ങില്‍ മുഖ്യആകര്‍ഷണമായിരിക്കും.
അതേ സമയം യുഎസ് രാഷ്ട്രീയം പോലും ട്രംപ് ലോക കപ്പുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ തിരുകി കയറ്റുന്നതായുള്ള ആരോപണമുണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടാല്‍ ഡെമോക്രാറ്റുകള്‍ക്ക് അധികാരമുള്ള നഗരങ്ങളില്‍ നിന്ന് ലോക കപ്പ് മത്സരങ്ങള്‍ മാറ്റുമെന്ന് ട്രംപ് പറഞ്ഞു. നറുക്കെടുപ്പിനായി യുഎസിലേക്ക് വരാനിരുന്ന പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങള്‍ക്ക് അമേരിക്ക വിസ നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇറാന്‍. അമേരിക്കയുടെ നടപടി തികച്ചും രാഷ്ട്രീയ നിലപാടാണെന്നും ട്രംപിന്റെ ഇത്തരം രീതികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ട്രംപിനോട് ആവശ്യപെടണമെന്ന് ഫിഫ മേധാവിയോട് അഭ്യര്‍ഥിച്ചതായി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
Story Highlights: draw for the 2026 FIFA World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




