പിഎം ശ്രീ പദ്ധതി: ‘കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ്’; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ. ഇക്കാര്യത്തിൽ ജോൺ ബ്രിട്ടാസിനെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്നെ കണ്ട് പദ്ധതിയിൽ ഒപ്പുവെക്കാൻ സമ്മതം അറിയിച്ചിരുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
എന്നാൽ കരാർ ഒപ്പിടാൻ മധ്യസ്ഥനായിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കരാറിൽ ഒപ്പുവെയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യമാണ്. തടഞ്ഞുവെച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് മറുപടി നൽകി. ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയിൽ സിപിഐയുടെ നിലപാട് എന്തെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ ഇക്കഴിഞ്ഞ ഒക്‌ടോബർ മാസത്തിന്റെ തുടക്കത്തിലാണ് ഘടകക്ഷികൾ പോലുമറിയാതെ പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ അറിയിച്ചത്. പിന്നീട് സിപിഐ ഉൾപ്പെടെ ശക്തമായ എതിർപ്പ് അറിയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു. പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്‌തിരുന്നു.
Story Highlights : John Brittas Bridges Centre–Kerala PM SHRI Scheme, Dharmendra Pradhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




