Advertisement

‘പൊതുപണം ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മിക്കാന്‍ നെഹ്റു ആഗ്രഹിച്ചിരുന്നു; സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എതിര്‍ത്തു’; രാജ്നാഥ് സിങ്

December 3, 2025
Google News 2 minutes Read
Rajnath Singh

പൊതുപണം ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മിക്കാന്‍ നെഹ്റു ആഗ്രഹിച്ചിരുന്നുവെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അതിനെ എതിര്‍ത്തു എന്നുമുള്ള പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. വഡോദരയില്‍ നടന്ന സര്‍ദാര്‍ സഭയില്‍ സംസാരിക്കവെയാണ് രാജ്നാഥ് സിംഗ് മുന്‍ പ്രധാനമന്ത്രി നെഹ്റുവിനെതിരെ ആരോപണമുന്നയിച്ചത്.

ബാബറി മസ്ജിദിനായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നതിനെക്കുറിച്ച് നെഹ്റു സംസാരിച്ചെന്നും, സര്‍ദാര്‍ പട്ടേലാണ് അനുവദിക്കാതിരുന്നതെന്നുമായിരുന്നു രാജ്നാഥ് സിങിന്റെ ആരോപണം. പൊതു ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മിക്കാനാണ് നെഹ്‌റു ആഗ്രഹിച്ചിരുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് ഇത് എതിര്‍ത്തത്. പൊതു ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മ്മിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല – രാജ്‌നാഥ് സിങ് പറഞ്ഞു.

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം നെഹ്‌റു ഉയര്‍ത്തിയപ്പോള്‍ അത് വ്യത്യസ്തമായ വിഷയമാണെന്നും ക്ഷേത്ര നിര്‍മാണത്തിനാവശ്യമായ 30 ലക്ഷം രൂപ പൊതുജനങ്ങള്‍ സംഭാവന ചെയ്തതാണെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം പറഞ്ഞു. ഒരു ട്രസ്റ്റ് സ്ഥാപിക്കപ്പെട്ടു, സര്‍ക്കാരിന്റെ പണത്തില്‍ നിന്ന് ഒരു പൈസ പോലും ഈ (സോമനാഥ ക്ഷേത്ര) പ്രവൃത്തിക്ക് ചെലവഴിച്ചിട്ടില്ല. അതുപോലെ, അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയില്ല. രാജ്യത്തെ ജനങ്ങളാണ് മുഴുവന്‍ ചെലവും വഹിച്ചത്. ഇതിനെയാണ് യഥാര്‍ത്ഥ മതേതരത്വം എന്ന് വിളിക്കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇല്ലെന്നും, നെഹ്റു മതപരമായ സ്ഥലങ്ങള്‍ക്കോ, ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനോ
സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്നും കോണ്‍ഗ്രസ് എം പി മാണിക്യം ടാഗോര്‍ പറഞ്ഞു. പൊതുജന സംഭാവനകളിലൂടെയാവണം അതിന് ഫണ്ട് കണ്ടെത്തേണ്ടതെന്ന് എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പോലും നെഹ്റു പൊതുഫണ്ട് ഉപയോഗിക്കുന്നത് എതിര്‍ത്തിരുന്നുവെന്നും ടാഗോര്‍ പറഞ്ഞു. രാജ്നാഥ് സിംഗിന്റെ ആരോപണം ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബും തള്ളി.

Read Also: Nehru sought public funds to build Babri Masjid, claims Rajnath Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here