‘നാടിന് അപമാനം, രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് കോൺഗ്രസ്’; ഇ.എൻ സുരേഷ് ബാബു
രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് കോൺഗ്രസ് ആണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ട്വന്റിഫോറിനോട്. കോൺഗ്രസ് സഹായമില്ലാതെ രാഹുലിന് എങ്ങനെ ഇത്രയും ദിവസം ഒളിവിൽ കഴിയാനാകുമെന്നാണ് ഇഎൻ സുരേഷ് ബാബുവിന്റെ ചോദ്യം.
കോൺഗ്രസ് ജനപ്രതിനിധികൾ സഹായം നൽകിയെന്ന് സംശയിക്കുന്നു. എംപിയോ എംഎൽഎമാരോ സഹായം നൽകിയിരിക്കാം. രാഹുലിനെ പേറുന്ന കോൺഗ്രസ് നാടിന് അപമാനമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം എട്ടാംദിനവും രാഹുൽ മാങ്കൂട്ടത്തി ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്നതുവരെ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് കെപിസിസി നേതൃത്വം. മുതിർന്ന നേതാക്കളും ഹൈക്കമാന്റും നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ജാമ്യാപേക്ഷയിൽ തീരുമാനം വരട്ടെ എന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റുമാരുടെ നിലപാട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ഈ നിലപാടിനോട് യോജിപ്പാണ്. മുൻകൂർ ജാമ്യാപേക്ഷ ലഭിച്ചാൽ നടപടി
അതിനിടെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നരമണിക്കൂറിലേറെയാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
Story Highlights : ‘Congress helping Rahul Mamkootathil stay in hiding’, E. N. Suresh Babu.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




