രാഹുൽ മാങ്കൂട്ടത്തിലിന്റെ പൊളിറ്റിക്കൽ കരിയർ അതിവേഗം; ഒടുവിൽ പാർട്ടിയെ നാണം കെടുത്തി പുറത്തേക്ക്
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ അതിവേഗം കോൺഗ്രസിന്റെ പ്രധാന മുഖമായി മാറിയ രാഹുൽ മാങ്കൂട്ടം. ഉയർച്ച പോലെ തന്നെ അതിവേഗമായിരുന്നു രാഹുലിന്റെ വീഴ്ചയും. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും കൃത്യമായ മറുപടികളുമായി ഈ മുപ്പത്തിയാറുകാരൻ രാഹുൽ മാങ്കൂട്ടത്തിൽ എന്ന ചെറുപ്പക്കാരൻ അതിവേഗം പ്രശസ്തിയിലേക്കുയർന്നു. മികച്ച പ്രാസംഗികനായും ചാനൽ ചർച്ചകളിൽ വക്താവായും തിളങ്ങി.
പത്തനംതിട്ട അടൂർ സ്വദേശിയായ രാഹുൽ 2006 ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് കെ എസ് യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തുന്നത്. പിന്നെ യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പൂർണസമയ രാഷ്ട്രീയത്തിലേക്ക്. സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രധാന വക്താവായി ഉയർന്ന രാഹുൽ 2016 ൽ എൻ എസ് യു ഐ ദേശീയ സെക്രട്ടറിയും 2020 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 2020 ൽ കെ പി സി സി അംഗവുമായി.
2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് പാലക്കാട് നിന്നും 2024ൽ കന്നി പോരാട്ടത്തിൽ എം എൽ എയായി മാറിയത്. പാലക്കാട്ടെ തിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷ റെക്കോഡുകളും തകർത്ത് രാഹുൽ നിയമസഭയിലെത്തിയപ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. പക്ഷേ 2025 ഓഗസ്റ്റ് 20 ന് നടി റിനി ആൻ ജോർജ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പേരു പറയാതെ ആരോപണം ഉന്നയിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ഒന്നിനു പുറകെ, ഒന്നായി ലൈംഗിക പീഡന ആരോപണങ്ങൾ രാഹുലിനെതിരെ ഉയർന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനു പിന്നാലെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടു. നവംബർ 27ന് രാഹുലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ രാഹുൽ ഒളിവിൽ പോയി. രാഹുലിനെതിരെ വീണ്ടും മറ്റൊരു പെൺകുട്ടി കൂടി ആരോപണം ഉന്നയിച്ചതോടെ കോൺഗ്രസും കൈവിടുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ കുരുങ്ങിയത്
ജൂലൈ 28
സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ ‘WHO CARES’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ഓഗസ്റ്റ് 20
രാഹുലിന്റെ പേര് പറയാതെ റിനി ആൻ ജോർജിന്റെ തുറന്നുപറച്ചിൽ
ഓഗസ്റ്റ് 21
യുവതിയുമായുള്ള രാഹുലിന്റെ ഫോൺ സംഭാഷണങ്ങളും ചാറ്റും പുറത്ത്
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിന്റെ രാജി
ഓഗസ്റ്റ് 23
അതിജീവിതയെ ഭീഷണിപ്പെടുത്തിയ ചാറ്റ് പുറത്ത്
ഓഗസ്റ്റ് 25
കോൺഗ്രസ് പാർലന്റെറി പാർട്ടിയിൽനിന്ന് സസ്പെൻഷൻ
രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
സെപ്റ്റംബർ 10
റിനി ആൻ ജോർജ് അന്വേഷക സംഘത്തിന് മൊഴി നൽകി
നവംബർ 27
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയി
നവംബർ 28
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്
Story Highlights : Rahul Mamkootatil’s political career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




