ആലപ്പുഴയിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ആലപ്പുഴ കായംകുളത്ത് അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് മാറ്റിയത്. അതേസമയം അഭിഭാഷകൻ കൂടിയായ പ്രതിയുടെ തന്ത്രമാണോ ഇതെന്ന സംശയത്തിലാണ് പൊലീസ്.
പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകി പൊലീസ് കാത്തിരിക്കെയാണ് നാടകീയ സംഭവങ്ങൾ. ജയിലിൽ കഴിഞ്ഞിരുന്ന പ്രതി നവജിത്ത് കഴിഞ്ഞദിവസമാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. സെല്ലിനുള്ളിൽ ആക്രമണ സ്വഭാവം കാണിച്ചു. ഇതോടെയാണ് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബലപ്രയോഗത്തിലൂടെയാണ് ജയലിൽ നിന്ന് പൊലീസ് വാഹനത്തിൽ കയറ്റിയത്. ചികിത്സ തീരുന്ന മുറയ്ക്കാകും കസ്റ്റഡിയിലെടുക്കാനുള്ള തുടർനടപടികളുണ്ടാകുക. രാസലഹരിക്ക് അടിമയായിരുന്ന നവജിത്തിന് ലഹരി ലഭിക്കാതെ വന്നതോടെയാണ് മാനസിക പ്രശ്നമുണ്ടായതെന്നാണ് നിഗമനം.
Read Also: പത്തനംതിട്ടയില്‍ 40 വയസുകാരിക്ക് വെട്ടേറ്റു; ആക്രമിച്ചത് സുഹൃത്ത്
എന്നാൽ അഭിഭാഷകൻ കൂടിയായ നവജിത്ത്, കേസിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണോ മാനസികാസ്വാസ്ഥ്യം കാണിക്കുന്നതെന്ന സംശയവും പൊലീസിനുണ്ട്. സംഭവ ദിവസവും ഇയാൾ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. കൊല നടന്ന ദിവസം അച്ഛൻ നടരാജനുമായി നവജിത്ത് പലകുറി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ അലമാരയുടെ താക്കോൽ കണ്ടെത്തി. അലമാരക്കുള്ളിലുണ്ടായിരുന്ന ഏഴ് ലക്ഷം രൂപയും സ്വർണവും പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ നൽകി. ഇത് തട്ടിയെടുക്കാനാണോ മാതാപിതാക്കളെ ആക്രമിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ഇതിനിടെയാണ് മാനസികാസ്വാസ്ഥ്യം. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവ് സിന്ധു സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. ഇതോടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതും അനശ്ചിതത്വത്തിലാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.
Story Highlights : Alappuzha Murder case: Navajith shifted to mental health center
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




