സാങ്കേതിക,ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനം; മുഖ്യമന്ത്രി കാര്യങ്ങൾ വളച്ചൊടിക്കുന്നെന്ന് ലോക് ഭവൻ
സാങ്കേതിക,ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി ലോക് ഭവൻ. സുപ്രീംകോടതി ഉത്തരവിലെ അജ്ഞതയാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാരണമെന്ന് ലോക് ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഗവർണർ കോടതി ഉത്തരവ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കോടതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രി കാര്യങ്ങൾ വളച്ചൊടിക്കുന്നുവെന്നും ലോക് ഭവൻ വൃത്തങ്ങൾ പ്രതികരിച്ചു.
ഗവർണർ സുപ്രീം കോടതി വിധിയെ ധിക്കരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാണ് മറുപടി. ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയില്ലെങ്കിൽ ഇടപെടുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചുവെന്ന് ഗവർണർക്കു വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയിൽ കുറ്റപ്പെടുത്തി. സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല.
സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം.
Story Highlights : lokbhavan on ktu digital universities vc appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




