യൂ ടേൺ അടിച്ച് രാഹുൽ ഈശ്വർ, അപ്‌ലോഡ് ചെയ്ത വിഡിയോ പിൻവലിക്കാം, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് കോടതിയിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. അപ്‌ലോഡ് ചെയ്ത പോസ്റ്റ് പിൻവലിക്കാമെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു.
ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തി. കോടതികളെയും നിയമത്തെയും വെല്ലു വിളിക്കുന്ന പ്രവണതയാണ് പ്രതിക്ക്. രാഹുൽ ഈശ്വറിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.
Story Highlights : Rahul Easwar Bail Application in court hearing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




