ദിലീപിനെ വെറുതെവിട്ടതിലും കോൺഗ്രസിൽ ഭിന്നാഭിപ്രായം; KPCC കണ്ണുരുട്ടി, തിരുത്തി അടൂർ പ്രകാശ്
നടി പീഡനക്കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ് യു ഡി എഫ് കൺവീനറും എം പിയുമായ അടൂർ പ്രകാശ്. കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, അവൾക്കൊപ്പം നിൽക്കുമെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ നിലപാട്. അതിജീവിതയ്ക്ക് പൂർണപിന്തുണ നൽകുമെന്നായിരുന്നു സർക്കാരിന്റെയും നിലപാട്. ഇതിനിടയിലാണ് യു ഡി എഫ് കൺവീനർ ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. അപ്പീൽ പോവുന്നത് സർക്കാരിന് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് ചെയ്യുന്നത് എന്നും, ദിലീപിനെ ബുദ്ധിമുട്ടിക്കാനാണ് സർക്കാർ നീക്കമെന്നുമായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.
ദിലീപിന് നീതി ലഭിച്ചുവെന്നും, ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അടൂർ പ്രകാശ് പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു. യു ഡി എഫ് കൺവീനറുടെ അഭിപ്രായപ്രകടനം വിവാദമായതോടെ അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, ഇത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.
കേരളീയ മനസാക്ഷിയെ ഞെട്ടിച്ചൊരു കേസിൽ പ്രതിയായിരുന്ന നടൻ ദിലീപിനെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും, നിയമപോരാട്ടം തുടരുമെന്നുമായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം. കോൺഗ്രസ് നേതാക്കളിൽ ഏറെയും അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, നിമപോരാട്ടത്തിന് സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നതിന് പിന്നാലെയാണ് ദിലീപിനെ പിന്തുണച്ചും സർക്കാർ അപ്പീലിന് പോവുമെന്ന പ്രതികരണത്തെ വിമർശിച്ചും യുഡിഎഫ് കൺവീനർ രംഗത്തുവന്നത്.
തദേശ തിരഞ്ഞെടുപ്പ് ദിവസം ഏറെ വിവാദമായൊരു കേസിൽ ആരോപണ വിധേയനായ നടനെ പിന്തുണച്ച യു ഡി എഫ് കൺവീനർ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. നിരവധി കോൺഗ്രസ് നേതാക്കൾ കെ പി സി സി നേതൃത്വത്തെ സമീപിച്ച് പരാതി ബോധിപ്പിച്ച പശ്ചാത്തലത്തിൽ അടൂർ പ്രകാശ് തന്റെ നിലപാട് തിരുത്തി മാധ്യമങ്ങളുടെ മുന്നിൽ എത്തുകയായിരുന്നു. താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും മറ്റ് പ്രചാരണങ്ങൾ തെറ്റാണെന്നും അടൂർ പ്രകാശ് പ്രസ്താവനയുമായി രംഗത്തുവരികയായിരുന്നു.
സ്ത്രീകളോട് ആഭിമുഖ്യമുള്ള മുന്നണിയല്ല യു ഡി എഫ് എന്നും, മുന്നണി കൺവീനർ അതിജീവിതമാരെ അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ആ പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് കാണിക്കേണ്ട അവധാനത അടൂരിനുണ്ടായില്ലെന്നാണ് യു ഡി എഫ് നേതാക്കളുടെ ആരോപണം. തിരഞ്ഞെടുപ്പ് ദിനത്തിൽ വീണുകിട്ടിയ ആയുധമായിരുന്നു അടൂർ പ്രകാശിന്റെ ദിലീപ് അനുകൂല പ്രസ്താവന.
തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായേക്കുമെന്ന തിരിച്ചറിവിലാണ് കെ പി സി സി നേതൃത്വം അടൂർ പ്രകാശിനെക്കൊണ്ട് നിലപാട് തിരുത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും കോൺഗ്രസ് നേതാക്കൾക്ക് ഭിന്നാഭിപ്രായമായിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്. സിനിമാ പ്രവർത്തകയായ ഭാഗ്യലക്ഷ്മി അടൂർ പ്രകാശിനെതിരെ അതിരൂക്ഷമായ പ്രതികരണവുമായി രംത്തെത്തിയതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കി.
Story Highlights : Controversy over Adoor Prakash remark in Actress attack case verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




