ശശി തരൂരിന്റെ നീക്കത്തില്‍ ശ്രദ്ധയോടെ കോണ്‍ഗ്രസ് നേതൃത്വം; തന്ത്രപരമായ നീക്കവുമായി ബി ജെ പി
തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പറുമായ ശശി തരൂരിന് എത്രനാള്‍ ഇനി കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയും ? കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും മോദി സ്തുതി തുടരുകയും ചെയ്യുന്ന തരൂര്‍ ഹൈക്കമാന്റിന്റെ കണ്ണിലെ കരടായി മാറിയിട്ട് പത്തുമാസം പിന്നിടുകയാണ്. തരൂരിനെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദേശം. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെടുന്ന തരൂരിനെ സ്വന്തം തട്ടകത്തില്‍ എത്തിക്കാനുള്ള പദ്ധതികളാണ് ബി ജെ പി വിഭാവനം ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ പിളര്‍പ്പുണ്ടാവുമെന്നാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചത്, കോണ്‍ഗ്രസിലെ അസ്വസ്ഥരായ നേതാക്കളെ ഒരുമിപ്പിച്ചുകൊണ്ട് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുകയും മോദിയെ സ്തുതിക്കുകയും ചെയ്യുമ്പോഴും നേരിട്ട് ബി ജെ പിയില്‍ ചേരാന്‍ ശശി തരൂര്‍ തയ്യാറല്ല. ഇതോടെയാണ് പുതിയ പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാനുള്ള നീക്കം ബി ജെ പി ആരംഭിച്ചത്.
എ ഐ സി സി അധ്യക്ഷപദവി ആഗ്രഹിച്ച ശശി തരൂര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ അകത്താണോ പുറത്താണോ എന്ന് വ്യക്തമല്ലത്തൊരു രാഷ്ട്രീയ അവസ്ഥയാണ്. നിരവധി വിഷയങ്ങളിലാണ് തരൂരും കോണ്‍ഗ്രസ് നേതൃത്വവുമായി വിയോജിപ്പുകളുള്ളത്. ഇത് വളരെ പെട്ടെന്ന് ആരംഭിച്ചതല്ല. സംഘടനാ തിരഞ്ഞെടുപ്പുമായി ഉടലെടുത്ത ആശയവൈരുദ്ധ്യങ്ങളാണ് തരൂരിനെ നേതൃത്വവുമായി അകറ്റിയത്. ഇത് ജി 24 എന്ന പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തികളുമായുള്ള ബന്ധത്തില്‍ നിന്നും ഉടലെടുത്തതാണ്. കുടുംബാധിപത്യമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചതെന്നായിരുന്നു ജി 24 നേതാക്കളുടെ ആരോപണം. തരൂര്‍ ഇതാണ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.
എ ഐ സി സി അധ്യക്ഷതിരഞ്ഞെടുപ്പില്‍ ഔദ്യാഗിക സ്ഥാനാര്‍ഥിയായിരുന്ന മല്ലികാര്‍ജുന ഖർഗെയ്‌ക്കെതിരെ പാര്‍ട്ടിയുമായി ആലോചിക്കാതെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണ് തരൂരും പാര്‍ട്ടി നേതൃത്വവും തമ്മില്‍ അകലാന്‍ തുടങ്ങിയത്. ഇതോടെ തരൂര്‍ ഹൈക്കമാന്റിന്റെ റഡാറില്‍ നിന്നും തെന്നിമാറി. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനും, നേതൃനിരയിലേക്ക് ഉയരാനും തരൂര്‍ ശ്രമിച്ചെങ്കിലും ഒരു പരിഗണനയും ഇവിടെ ലഭിച്ചില്ല. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉപനേതാവാകാനുള്ള ശ്രമവും വിജയം കണ്ടില്ല. ഇതാണ് തരൂരിനെ നിരാശനാക്കിയത്. ഇതോടെ തരൂര്‍ വിമതസ്വരം ഉയര്‍ത്തിക്കൊണ്ടിരുന്നു. വിയോജിപ്പുകള്‍ ശക്തമായി പ്രകടിപ്പിച്ചാലേ പരിഗണിക്കപ്പെടൂ എന്ന ധാരണയാണ് തരൂരിനെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചതെങ്കിലും പരിഗണിക്കപ്പെട്ടില്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വേണ്ട പരിഗണന തരൂരിന് നല്‍കിയില്ല.
ഏപ്രില്‍ 22 നടന്ന പാകിസ്താൻ ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണവും പട്ടാളം പാക്ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും തമ്മില്‍ കടുത്ത രാഷ്ട്രീയ പോരിന് വഴിയൊരുങ്ങിയപ്പോള്‍ തരൂര്‍ പാര്‍ട്ടിയെ വെട്ടിലാക്കി രംഗത്തുവന്നു. ഇത് ബി ജെ പിയിലേക്കുള്ള എളുപ്പവഴിയായി മാറുകയാണിപ്പോള്‍.
രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസിന്റെ നിലപാടുകളില്‍നിന്നും വിരുദ്ധമായൊരു നിലപാടാണ് ശശി തരൂര്‍ പാര്‍ലമെന്റിലും പുറത്തും സ്വീകരിച്ചിരുന്നത്. ഇത് ബി ജെ പിക്ക് വലിയ പിടിവള്ളിയായി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ ശശി തരൂര്‍ പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് പിന്നീട് തുടര്‍ച്ചയായി മോദി സ്തുതിയുമായി തരൂര്‍ കളം നിറയുകയായിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. സര്‍ക്കാര്‍ രൂപീകരിക്കുന്ന ഇത്തരം സമിതികളില്‍ അംഗമാവണമെങ്കില്‍ അത് പാര്‍ട്ടിയുടെ ശിപാര്‍ശ ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കാതെയാണ് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെ സമിതിയില്‍ അംഗമാക്കിയതും വിദേശ രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കുന്നതിനായി ചുമതലയേല്‍പ്പിക്കുകയും ചെയ്തതോടെ തരൂരിന്റെ നിലപാടില്‍ കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യമാണ് വലുതെന്നും, താന്‍ രാജ്യത്തിന്റെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നുമായിരുന്നു തരൂരിന്റെ വിശദീകരണം.
ഇതിനെതിരെ കടുത്ത വിയോജിപ്പാണ് ഹൈക്കമാന്റ് പ്രകടിപ്പിച്ചത്. ഇതോടെയാണ് തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കു പോവുന്നുവെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ സ്ഥിതരതയുണ്ടായത്. പിന്നീട് തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന നിരവധി നിലപാടുകള്‍ എടുത്തു. തരൂരിന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും കോണ്‍ഗ്രസിനെ പിടിച്ചുലച്ചു. പാര്‍ട്ടി അംഗമെന്ന നിലിയില്‍ പാലിക്കേണ്ട യാതുരു അച്ചടക്കവും പാലിക്കാന്‍ ശശി തരൂര്‍ തയ്യാറായില്ലെന്നുമാത്രമല്ല നേതൃത്വത്തെ തുടര്‍ച്ചയായി വെല്ലുവിളിച്ച് രംഗത്തെത്തി. മോദി സ്തുതിയും കോണ്‍ഗ്രസ് വിരുദ്ധ നിലപാടും ആവര്‍ത്തിച്ചുകൊണ്ടിരുന്ന തരൂര്‍ നേതൃത്വത്തിനുവലിയ തലവേദനയായി. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും അച്ചടക്കനടപടി സ്വീകരിച്ച് പുറത്താക്കിയാല്‍ രക്തസാക്ഷി പരിവേഷമുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ഇത് തരൂരിന് ഗുണകരമാവും. ശശി തരൂര്‍ ബി ജെ പിയില്‍ ചേരാനുള്ള സാധ്യത കോണ്‍ഗ്രസ് തള്ളുകയാണ്.
എന്നാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പുകാലമായതിനാല്‍ തരൂരിനെതിരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍പോലുള്ള കടുത്തനടപടിയിലേക്ക് പോവരുതെന്നാണ് എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാട്. തരൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ അദ്ദേഹം ബി ജെ പിയുടെ സഹായത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നും, ഇത് യു ഡി എഫിന് തിരിച്ചടിയാവുമെന്നുമാണ് കെ സി വേണുഗോപാലിന്റെ വാദം. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പുവരെ തരൂരിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതാണ് നല്ലതെന്നാണ് ഹൈക്കമാന്റിനു മുന്നില്‍ കെ സി വെച്ചിരിക്കുന്ന നിര്‍ദേശം.
കേളത്തില്‍ യുവാക്കള്‍ക്കിടയില്‍ തരൂരിന് സ്വാധീനമുണ്ടെന്ന തിരിച്ചറിവാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോവേണ്ടതില്ലെന്ന നിലപാടിന് കാരണം. എന്നാല്‍ ശശി തരൂരിനെതിരെ കടുത്ത നടപടിവേണമെന്നാണ് കേരള നേതാക്കളുടെ ആവശ്യം. നിരന്തരമായി ബി ജെ പി വക്താവിനെപ്പോലെ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തുന്ന തരൂരിനെതിരെ നടപടി സ്വീകരിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് കെ പി സി സി ഭാരവാഹികളില്‍ ഏറെപ്പേരുടേയും നിലപാട്. കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ശശി തരൂരിനെ നിശിതമായി വമിര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മോദിയെയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം സ്തുതിക്കുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലും, എ ഐ സി സി പ്രവര്‍ത്തക സമിതിയിലും അംഗമാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ നേടിയ എം പി സ്ഥാനവും കോണ്‍ഗ്രസിലെ ഭാരവാഹിത്വവും എല്ലാം ഒഴിവാക്കാന്‍ തരൂര്‍ തയ്യാറാവണമെന്നാണ് ദേശീയ നേതാക്കളടക്കം ആവശ്യപ്പെടുന്നത്. ചോറ് കോണ്‍ഗ്രസിലും കൂറ് ബി ജെ പിയോടും എന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന് തരൂരിനെക്കുറിച്ചുള്ള ആരോപണം. രണ്ടു വഞ്ചിയില്‍ കാലുവച്ചുള്ള തരൂരിന്റെ നില്‍പ്പിന് വളരെ പെട്ടെന്നുതന്നെ തീരുമാനമുണ്ടാവുമെന്നാണ് ആനുകാലിക രാഷ്ട്രീയം നല്‍കുന്ന സൂചനകള്‍.
Story Highlights : Congress cautious about Shashi Tharoor’s move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




