മലപ്പുറത്ത് ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതിക്കെതിരെ കേസ്
മലപ്പുറത്ത് ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതിക്കെതിരെ കേസ്. വലിയപറമ്പ് സ്വദേശി റിന്റു അജയ്‌ക്കെതിരെയാണ് കേസ്. ഇവർ കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ് 17ൽ വോട്ട് ചെയ്തിരുന്നു. പിന്നീട് ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വലിയപറമ്പ് ചാലിൽ ജിഎൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു. റിട്ടർണിംഗ് ഓഫീസർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, വടക്കാഞ്ചേരിയിലും സമാനസംഭവം ഉണ്ടായി. വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായി. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴികെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. രണ്ടാംഘട്ടവോട്ടെടുപ്പിൽ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനമാണ് പോളിങ് ശതനമാനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് വടക്കൻ ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്. മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണികളുടെ ആത്മവിശ്വാസം. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
Story Highlights : Case filed against woman who tried to cast double vote in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




