ചാമ്പ്യന്‍സ് ലീഗിലെ ആവേശപോരില്‍ റയലിനെ വീഴ്ത്തി സിറ്റി; ആര്‍സനലിനും വിജയം
ഫുട്‌ബോള്‍ ആരാധാകര്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗിലെ ഹൈവോള്‍ട്ടേജ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശമുറ്റിനിന്ന മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്. 28-ാം മിനിറ്റില്‍ ബ്രസീല്‍ താരം റോഡ്രിഗോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. ഇംഗ്ലീഷ് താരം ബെല്ലിങ്ഹാം നീട്ടിയ പാസുമായി വലതുപാര്‍ശ്വത്തിലൂടെ അതിവേഗം ഓടിക്കയറിയ റോഡ്രീഗോ സിറ്റി ഇറ്റാലിയന്‍ കീപ്പര്‍ ജിയാന്‍ലൂജി ഡോണരുമ്മയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സിറ്റി തിരിച്ചു വന്നു. 35-ാം മിനിറ്റില്‍ നിക്കോ ഒറല്ലിയാണ് സിറ്റിയെ ഒപ്പമെത്തിച്ചത്. ഡോക്കുവിന്റെ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച കോര്‍ണര്‍കിക്കിന് ഗ്വാര്‍ഡിയോള്‍ തലവെച്ചെങ്കിലും റയലിന്റെ ബെല്‍ജിയം കീപ്പര്‍ തിബോട്ട് ക്വാര്‍ട്ടോയിസ് തട്ടിയിട്ടത് നിക്കോ ഒറല്ലിയുടെ മുന്നിലേക്കായിരുന്നു. നിഷ്പ്രയാസം പന്ത് വലയിലെത്തിക്കേണ്ട പണി മാത്രമെ താരത്തിനുണ്ടായിരുന്നുള്ളു.
43-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ട് ആണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. റയലിന്റെ ബോക്‌സിനുള്ളില്‍ അവരുടെ ജര്‍മ്മന്‍ പ്രതിരോധക്കാരന്‍ അന്റോണിയോ റൂഡിഗര്‍ ഹാളണ്ടിനെ വലിച്ചുവീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റുകയായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്താണ് ചാമ്പ്യന്‍സ് ലീഗ് പട്ടികയില്‍ സിറ്റി. തോല്‍വിയോടെ റയല്‍ ഏഴാം സ്ഥാനത്തേക്ക് മാറി. പരിക്കേറ്റതിനെ തുടര്‍ന്ന് കിലിയന്‍ എംബാപ്പെ ഇല്ലാതെയായിരുന്നു റയല്‍ ഇറങ്ങിയത്.
അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് ആര്‍സനല്‍. ബെല്‍ജിയം ക്ലബ് ആയ ക്ലബ്ബ് ബ്രൂജിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 25, 47 മിനിറ്റുകളില്‍ ഇംഗ്ലീഷ് താരം ചുകുന്വാന്‍സോ മദുകെയും 56-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയുമാണ് ഗോളുകള്‍ നേടിയത്. ആറ് മത്സരങ്ങളില്‍ നിന്ന് പതിനെട്ട് പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആര്‍സനല്‍.
ചാമ്പ്യന്‍സ് ലീഗിലെ മറ്റു മത്സരഫലങ്ങള്‍
അത്‌ലറ്റികോ ക്ലബ്-0 പിഎസ്ജി-0
ലവര്‍കുസന്‍-2 ന്യൂകാസില്‍-2
ബെന്‍ഫിക-2 നാപ്പോളി-0
ബെറൂസിയ ഡോര്‍ട്ടുമുണ്ട്-2 ബോഡോ ഗ്ലിംറ്റ്-2
ജുവന്റ്‌സ്-2 പഫോസ് എഫ്‌സി-0
Story Highlights: Manchester City vs Real Madrid match in UEFA Champions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




