Advertisement

ദിലീപിനെതിരെ പ്രതിഷേധം ചൂടുപിടിക്കുമ്പോള്‍…; നടിയെ ആക്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കനക്കുന്നു

December 15, 2025
Google News 3 minutes Read
actress assault case

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. കേസില്‍ നേരിട്ട് പങ്കെടുത്തകുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടെങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പുറത്തു കഴിയുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരാണ് നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അതിജീവിതയും മഞ്ജുവാര്യരും സോഷ്യല്‍ മീഡിയില്‍ പ്രതിഷേധക്കുറിപ്പിട്ടതോടെയാണ് പൊതുസമൂഹത്തില്‍ ദിലീപിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നത്. അതിജീവിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഷെയര്‍ ചെയ്തതോടെ പ്രതിഷേധം സിനിമയിലേക്ക് വീണ്ടും വ്യാപിക്കുകയാണ്. കൂടുതല്‍ സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ സി സി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിജീവിതയ്ക്ക് നീതി ലഭ്യമാവുന്നതുവരെ പോരാട്ടം ശക്തമാക്കുമെന്നാണ് ഡബ്ല്യൂസിസിയുടെ പ്രഖ്യാപനം.കുറ്റമുക്തനാക്കപ്പെട്ട ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരികെ പ്രവേശിപ്പാക്കാനുള്ള ഒരുക്കള്‍ നടക്കുന്നതിനെയാണ് നടനെതിരെ പ്രതിഷേധം ശക്തമാവുന്നത്. (actress assault case social media protest against dileep)

നടിയെ ആക്രമിച്ച കേസില്‍ കോാടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിലീപ് നടത്തിയ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. നേരത്തെ തയ്യാറാക്കിയ പ്രതികരണങ്ങളാണെന്നായിരുന്നു ആരോപണം. തന്നെ ചിലര്‍ കുരുക്കിയതാണെന്നും, മഞ്ജു വാര്യരുടെ ഒരു പ്രസംഗത്തോടെയാണ് പൊലീസ് തനിക്കെതിരെ തിരിഞ്ഞതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. മഞ്ജുവാര്യര്‍ ഇതില്‍ പരസ്യപ്രതികരണം നടത്തിയില്ല. എന്നാല്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, ഗൂഢാലോചന നടത്തിയവര്‍ പുറത്തുനില്‍ക്കുന്നത് ഭീതിയുളവാക്കുന്നുവെന്നുമുള്ള മഞ്ജുവിന്റെ പ്രതികരണം സമൂഹം ഏറ്റെടുത്തിരിക്കുകയാണ്.

Read Also: IFFK: 19 സിനിമകള്‍ ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദേശം; വിലക്കിയവയില്‍ കൂടുതലും പലസ്തീന്‍ അനുകൂല സിനിമകള്‍

ദിലീപ് നായക വേഷത്തില്‍ അഭിനയിച്ച ഒരു ചിത്രം അടുത്ത ദിവസം റിലീസിന് തയ്യാറായിരിക്കുകയാണ്. ഈ ചിത്രത്തിനെതിരേയും അതിശക്തമായ ക്യാമ്പയിന്‍ നടക്കുകയാണ്. ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അകപ്പെട്ടതിനു ശേഷം രാമലീലയെന്ന ഒരു ചിത്രം മാത്രമാണ് പ്രദര്‍ശന വിജയം നേടിയത്. കേസില്‍ നിന്നും കുറ്റമുക്തനാക്കപ്പെട്ട ദിലീപിനെതിരെ അതിശക്തമായ പ്രതിഷേധമാണ് നാടെങ്ങും ഉയരുന്നത്. കേസില്‍ പ്രൊസിക്യൂഷന്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും, ഒന്നാം പ്രതിയുമായി നടന്‍ ദിലീപിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും, ഗൂഡാലോചന തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി വിധിയിലുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴിയും കോടതിയില്‍ തെളിവായി മാറിയില്ല.

ഒന്നാം പ്രതിയായ പള്‍സര്‍ സുനി, അതിജീവിതയായ നടിയുടെ ഡ്രൈവറായിരുന്നുവെന്നാണ് പ്രതിഭാഗം ആരോപിച്ചിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ ടീം ഏര്‍പ്പാടാക്കിയ കാറിന്റെ ഡ്രൈവര്‍ മാത്രമായിരുന്നു ഒന്നാം പ്രതിയെന്നാണ് അതിജീവിതയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യക്തമാക്കുന്നത്. തനിക്ക് ഒരു പരിചയവുമില്ലാത്തയാളാണ് ഒന്നാം പ്രതിയെന്ന് അതിജീവിതയുടെ മൊഴി മുഖവിലയ്ക്കെടുത്തില്ലന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങള്‍ ശക്തിമായതോടെ നടിയെ ആക്രമിച്ച കേസില്‍ വിവാദങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുകയാണ്. ഇതിനിടയില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടി പ്രൊസിക്യൂഷനും വേഗത്തിലാക്കിയിട്ടുണ്ട്.

2017, ഫെബ്രുവരി 17, മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്തൊരു ദിനമായിരുന്നു.കേരള മനസാക്ഷിയെ നടുക്കുന്നതായിരുന്നു നടി ആക്രമിക്കപ്പെട്ട സംങവം. തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധേയായ ഒരു നടി ഓടുന്ന വാഹനത്തില്‍ വച്ച് ആക്രമിക്കപ്പെട്ടു എന്ന കേസ് വലിയ നടുക്കമാണ് ഉണ്ടാക്കിയത്. സംഭവം ഒരു ക്വട്ടേഷന്‍ ബലാത്സംഗമായിരുന്നു എന്ന വാര്‍ത്ത മലയാളികളെ അതിലേറെ ഞെട്ടിച്ചു. കേരളം ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സംഭവം, കേസില്‍ ഒരു പ്രമുഖനടന്‍ പ്രതിയാവുകയും അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തതോടെ ദേശീയ തലത്തില്‍ ശ്രദ്ധേയമായ കേസായി അത് മാറി. നടന്‍ എട്ടാം പ്രതിയായി. 85 ദിവസം ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയേണ്ടിവന്നു.

പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെട്ട സുനില്‍ കുമാര്‍ ക്വട്ടേഷന്‍ പണം ആവശ്യപ്പെട്ട് ദിലീപിന് ജയിലില്‍ നിന്നും എഴുതിയ കത്താണ് കേസില്‍ ഒരു പ്രധാന തെളിവായി അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അടുത്ത ബന്ധമുണ്ടായിരുന്നിട്ടം കൃത്യം നടത്തിയ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു നടന്റെ മൊഴി. എന്നാല്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നതിന്റെ നിരവധി തെളിവുകളും, പ്രസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. തെളിവുകള്‍ നിരത്തിയാണ് റിമാന്റിലായ നടന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇപ്പോഴിതാ പ്രൊസിക്യൂഷന്‍ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും, ക്വട്ടേഷന്‍ ഒരു സത്രീയുടേതാണെന്ന ഒന്നാം പ്രതിയുടെ മൊഴിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും കോടതി വിധിയില്‍ ആരോപണമുണ്ട്. ഇത് പ്രൊസിക്യൂഷനെ വെട്ടിലാക്കുന്നതാണ്. ശ്രീലക്ഷ്മിയെന്ന സ്ത്രീക്കെതിരെയുള്ള മൊഴിയില്‍ എന്തുകൊണ്ട് തുടരന്വേഷണം നടത്തിയില്ലെന്നാണ് വിധിന്യായത്തില്‍ വിചാരണ തോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

Story Highlights : actress assault case social media protest against dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here