കോണ്‍ഗ്രസിനെതിരെ പോര്‍മുഖം തുറന്ന് പിണറായി വിജയന്‍; സംസ്ഥാനത്ത് കോ-ലി -ബി സഖ്യമെന്ന് ആരോപണം; പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലെന്നും പരാമര്‍ശം
സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മൂന്നാം തവണയും മുന്നണിയെ നയിക്കാന്‍ പിണറായി വിജയന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മുഴച്ചു നിന്നത്. ശബരിമല സ്വര്‍ണക്കൊള്ളമുതല്‍ വെള്ളാപ്പള്ളി വിഷയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിയടക്കമുള്ള വിഷയങ്ങളായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പ്രധാന വിഷയം. ഭരണവിരുദ്ധ വികാരമല്ല കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്നും വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫിന്റെ രഹസ്യവും പരസ്യവുമായുള്ള ബന്ധമാണ് തദേശത്തിലുണ്ടായ തിരിച്ചടിയെന്നും അത് താത്ക്കാലികമാണെന്നുമുള്ള സന്ദേശമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം നല്‍കാന്‍ ശ്രമിച്ചത്. (cm pinarayi vijayan makes sharp allegations against udf)
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സജീവമാകുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമെങ്കില്‍ ഭരണപക്ഷവും സ്വര്‍ണക്കൊള്ള ആയുധമാക്കാന്‍ ഒരുങ്ങുന്നതിന്റെ ആദ്യ സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ വാാര്‍ത്താ സമ്മേളനം. സ്വര്‍ണക്കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം വീട്ടില്‍ കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയാണെന്നും, കോണ്‍ഗ്രസ് നേതാവും യു ഡി എഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശും തമ്മിലുള്ള ബന്ധം എന്താണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മഹാതട്ടിപ്പുകാരനായ ഒരാള്‍ എങ്ങിനെയാണ് സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിയത്.
കേരളത്തില്‍ വീണ്ടും കോ-ലി-ബി സഖ്യമെന്ന ആരോപണവും മുഖ്യമന്ത്രി ഉന്നയിച്ചു. കേരളത്തില്‍ ഗുരുതരമായൊരു അവസ്ഥാവിശേഷം കൈവന്നിരിക്കയാണ്. ഈ സംസ്ഥാനത്ത് ഒരിക്കലും വളരാന്‍ പാടില്ലാത്ത വര്‍ഗീയത വളരുന്നു. ഇത് അപടകരമാണെന്നും ഇതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ തനിമ നഷ്ടപ്പെടുകയാണെന്നുവേണം ആശങ്കപ്പെടാന്‍. കുറച്ചു വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരത്തിന് ഞങ്ങളില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കേരളത്തില്‍ എല്ലാകാലത്തും നിലനിന്നിരുന്ന വര്‍ഗീയതയ്ക്കെതിരെയുള്ള ജാഗ്രതയ്ക്ക് കുറവുവന്നിരിക്കയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ് വോട്ടുകൊണ്ടാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. തൃശ്ശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ ബിജെപിയെ വിജയിക്കാന്‍ സഹായിച്ചതും കോണ്‍ഗ്രസാണ്. 86000 വോട്ടിന്റെ കുറവാണ് കോണ്‍ഗ്രസിനുണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍ക്ക് ലഭിച്ച ഭൂരിപക്ഷം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് വോട്ട് എവിടേക്ക് പോയെന്ന് വ്യക്തമാവും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടകരയിലും ബേപ്പൂരിലും പരീക്ഷിച്ച അതേ കോ ലി ബി സഖ്യമാണ് ഇപ്പോഴും തുടരുന്നത്. ഇതിനെതിരെ ജനം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി പി ഐക്കെതിരെയുള്ള വെള്ളാപ്പള്ളി നടേശന്റെ ചതിയന്‍ ചന്തു പ്രയോഗം മുഖ്യമന്ത്രി തള്ളി. സി പി ഐ എല്ലാകാലത്തും ഇടതുപക്ഷത്തിന്റെ പ്രധാന ശക്തിയായി നിലകൊള്ളുകയാണെന്നും, അവര്‍ ഒരു ചതിയും കാണിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട സി പി ഐ സംസ്ഥാന സെക്രട്ടറിയുയര്‍ത്തിയ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വ്യക്തവരുത്തി. പിണറായി വിജയനല്ല ബിനോയ് വിശ്വമെന്നും, വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.
എസ് ഐ ടി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തി്ക്കുന്ന അന്വേഷണ സംഘമാണെന്നും, ഈ സംഘത്തിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ശബരിമല സ്വര്‍ണക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും നമുഖ്യമന്ത്രി തള്ളുകയായിരുന്നു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആര്‍ എസ് എസ് ധാരണയുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതാണ് കോര്‍പ്പറേഷനില്‍ കണ്ടത്. ഇത് നേമത്ത് നേരത്തെ കണ്ടതാണെന്നും. നേരത്തെ നേമത്ത് ബി ജെ പിക്ക് ഒരു എം എല്‍ എ ഉണ്ടായത് അങ്ങിനെയാണ്. മറ്റു സംസ്ഥാനങ്ങളെപ്പോളെ കേരളത്തേയും പിന്നോട്ടു കൊണ്ടുപോവാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊന്നും വിലപ്പോവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Story Highlights : cm pinarayi vijayan makes sharp allegations against udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




