Advertisement

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

January 3, 2026
Google News 1 minute Read

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. 3 വകുപ്പുകൾ ഒഴികെ ബാക്കി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വിധി വരുന്നത്.

പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.

കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

Story Highlights : Antony Raju is guilty in evidence tampering case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here