Advertisement

സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് ഉള്‍പ്പടെ ആലോചനയില്‍; എന്‍സിപി സംസ്ഥാന ഘടകത്തില്‍ വീണ്ടും നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു

January 3, 2026
Google News 2 minutes Read
ncp

എന്‍സിപി സംസ്ഥാന ഘടകത്തില്‍ വീണ്ടും നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് ഉള്‍പ്പടെ ആലോചിക്കാന്‍ ദേശീയ നേതൃത്വം നേതാക്കളെ മുംബൈക്ക് വിളിപ്പിച്ചു. പിസി ചാക്കോ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

വിവാദങ്ങള്‍ക്കും വലിയ കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു തോമസ് കെ തോമസ് എന്‍സിപി അധ്യക്ഷനായി എത്തുന്നത്. എന്നാല്‍, തോമസ് കെ തോമസിന്റെ പ്രവര്‍ത്തനം നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തിക്ക് വഴി വെച്ചു. കൈവശമുള്ള വകുപ്പില്‍ ഉടലെടുത്ത പ്രശ്‌നങ്ങളും പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തെ തോമസ്.കെ.തോമസിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

പഞ്ചായത്തുകളില്‍ അര്‍ഹമായ സീറ്റുകള്‍ കിട്ടിയില്ലെന്ന അഭിപ്രായവും, സീറ്റ് നിര്‍ണ്ണയ സമയത്തെ അധ്യക്ഷന്റെ വിദേശ യാത്രയും കൂടുതല്‍ വിയോജിപ്പിനു കാരണമായി. ഇതോടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.നേതാക്കളെ ശരത് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു. നാളെ മുംബൈയില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. പിസി ചാക്കോ, എകെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. പിസി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. വീണ്ടും പദവി ഏറ്റെടുക്കാന്‍ ചാക്കോയ്ക്ക് വിമുഖതയുണ്ട്. പിഎം സുരേഷ് ബാബുവിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാനാണ് പിസി ചാക്കോയുടെ താല്‍പര്യം.

Read Also: നിയമസഭ തിരഞ്ഞെടുപ്പ്; ‘പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞാല്‍ എത്ര പ്രയാസമുണ്ടെങ്കിലും മത്സരിക്കും’; എ കെ ശശീന്ദ്രന്‍

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് എ കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട്. മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാല്‍ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രന്‍. എ കെ ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്ന് ഇന്നലെ എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് തുറന്നടിച്ചതിന് പിന്നാലെയാണ് പ്രതികരണം.

മുക്കം മുഹമ്മദിന്റെ പ്രസ്താവനയ്ക്കെതിരെ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവിരംഗത്തെത്തി. ശശീന്ദ്രന്‍ മാറി നില്‍ക്കട്ടെ എന്ന് പറയാനുള്ള അവകാശവും അര്‍ഹതയും മുക്കം മുഹമ്മദിന് ഇല്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്കാണ് അധികാരമെന്നും റസാഖ് മൗലവി ട്വന്റിഫോറിനോട് പറഞ്ഞു

ഏഴ് തവണ മത്സരിച്ച് ആറ് തവണ എംഎല്‍എയും തുടര്‍ച്ചയായി 10 വര്‍ഷം മന്ത്രിയുമായ എകെ ശശീന്ദ്രന്‍ ഇനി മാറി നില്‍ക്കട്ടേയെന്നാണ് എന്‍സിപിയിലെ പ്രബലവിഭാഗത്തിന്റെ ആവശ്യം. മാന്യമായ വിരമിക്കലിനുളള അവസരം ശശീന്ദ്രന്‍ പ്രയോജനപ്പെടുത്തണമെന്നും ഒരു വിഭാഗം പറയുന്നു. ശശീന്ദ്രന്‍ ഇനിയും എലത്തൂരില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയില്‍ ആരും കരുതുന്നില്ലെന്ന് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് ട്വന്റിഫോറിനോട് പറഞ്ഞു. കുറുക്കുവഴിയിലൂടെ മത്സരരംഗത്തേക്ക് അദ്ദേഹം ഇറങ്ങുമെന്ന് കരുതുന്നില്ലെന്നും ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കി. ഇതിനിടെ എലത്തൂര്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിപിഐഎമ്മിലും ചര്‍ച്ച സജീവമാണ്. സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെങ്കില്‍ വി വസീഫ് മത്സരിക്കാനാണ് സാധ്യത.

Story Highlights : The stage is set for another leadership change in the NCP Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here