Advertisement

‘തൊണ്ടിയായ അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങി വെട്ടിച്ചെറുതാക്കി’; ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസിന്റെ നാള്‍വഴി

January 3, 2026
Google News 2 minutes Read
antony

മൂന്നര പതിറ്റാണ്ടായി നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജുവുള്‍പ്പെട്ട തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിധി വന്നിരിക്കുകയാണ്. കേസില്‍ ആന്റണി രാജു എംഎല്‍എ കുറ്റക്കാരന്‍. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. 32 വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2006ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിധിന്യായം 19 വര്‍ഷത്തോളം നീണ്ടു. എന്താണ് തൊണ്ടിമുതല്‍ കേസ് ? കേസിന്റെ നാള്‍വഴി കാണാം

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ആന്‍ഡ്രൂ സാല്‍വദോര്‍ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അടിവസ്ത്രം വിദേശിക്ക് പാകമല്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് കോടതി, വിദേശിയെ വെറുതെ വിട്ടു.

Read Also: തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

തുടര്‍ന്ന് 1994-ല്‍ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. 2006ല്‍ തിരുവനന്തപുരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് കെഎസ് ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കോടതിയില്‍ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.

2014-ല്‍ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റി. അന്നു മുതല്‍ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ ഹാജരാകുകയോ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെട്ടു. കേസ് പുനരന്വേഷിക്കാന്‍ 2023-ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. 2024 നവംബറില്‍ തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണം. പ്രതികള്‍ അടുത്തമാസം ഇരുപതിനോ അല്ലെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിനത്തിലോ വിചാരണ കോടതിയില്‍ ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. 2025 ഒക്ടോബര്‍ 24ന് തൊണ്ടിമുതല്‍ തിരിമറി കേസില്‍ വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. കോടതി ജീവനക്കാരനായ ഒന്നാം പ്രതി ജോസ് സര്‍ക്കാര്‍ സര്‍വീസിലുള്ളതിനാല്‍ വഞ്ചനകുറ്റമടക്കം പ്രതികള്‍ക്കെതിരെ ചുമത്തണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ഇമ്മാനുവലിന്റെ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. തുടര്‍ന്ന് വഞ്ചന കുറ്റവും ചേര്‍ത്താണ് വിചാരണ നടന്നത്. വീണ്ടും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ചില വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഈ വകുപ്പുകളിലും വാദം കേട്ടിരുന്നു. ഡിസംബര്‍ 16ന് വാദം പൂര്‍ത്തിയായി. 29 സാക്ഷികളില്‍ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

Story Highlights : Timeline of the evidence tampering case in which Antony Raju was accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here