അതൃപ്തി കോണ്‍ഗ്രസ് നേതൃ ക്യാമ്പിലും മറച്ച് വയ്ക്കാതെ ദീപ്തി; കൊച്ചി മേയറെ തിരഞ്ഞെടുത്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ചു
കൊച്ചി മേയര്‍ പദവി കിട്ടാത്തതിലെ അതൃപ്തി കോണ്‍ഗ്രസ് നേതൃ ക്യാമ്പിലും മറച്ച് വയ്ക്കാതെ ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദീപ്തി നേതൃ ക്യാമ്പില്‍ വിമര്‍ശനം ഉന്നയിച്ചു. (deepthi mary varghese criticism on kochi mayor election in congress meeting)
157 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കി കൊണ്ടാണ് മൂന്ന് സോണുകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തുന്നത്. മധ്യ കേരളത്തിലെ ജില്ലകള്‍ ഉള്‍പ്പെടുന്ന സോണല്‍ മീറ്റിംഗിലാണ് കൊച്ചി മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനം ദീപ്തി മേരി വര്‍ഗീസ് ഉന്നയിച്ചത്. കെപിസിസി മാര്‍ഗ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മേയര്‍ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ദീപ്തി ചൂണ്ടിക്കാട്ടുകയും സക്കീര്‍ ഹുസൈനും സമാനമായ പരാതി ക്യാമ്പില്‍ ഉന്നയിക്കുകയും ചെയ്തു. ചിലരുടെ താത്പര്യം മാത്രം പരിഗണിച്ചാണ് കൊച്ചി മേയര്‍ തിരഞ്ഞെടുപ്പ് നടന്നതെന്ന് സക്കീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.
കൊച്ചി മേയര്‍ സ്ഥാനത്തേക്ക് തന്നെ തഴഞ്ഞതില്‍ ദീപ്തി ഹൈക്കമാന്‍ഡിനും പരാതി നല്‍കിയിരുന്നു. കെപിസിസി മാര്‍ഗനിര്‍ദേശം പാലിക്കാതെ മേയര്‍ തിരഞ്ഞെടുപ്പ് നടത്തി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കൊച്ചിയെ നയിക്കാന്‍ ഒരാള്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചതെന്നും എന്നിട്ടും മേയര്‍ സ്ഥാനത്തേക്ക് തഴഞ്ഞെന്നുമായിരുന്നു ദീപ്തിയുടെ പരാതി. തന്നെ തഴഞ്ഞതിനായി പാര്‍ട്ടിക്ക് അകത്തും പുറത്തും പറഞ്ഞ കാരണങ്ങള്‍ തന്നെ അപമാനിക്കുന്നതാണെന്നും ദീപ്തി ചൂണ്ടിക്കാട്ടിയിരുന്നു. വി കെ മിനിമോളെയാണ് നിലവില്‍ കൊച്ചി മേയറായി തിരഞ്ഞെടുത്തിരിക്കുന്നത്. എ,ഐ ഗ്രൂപ്പുകളുടെ ഇടപെടലാണ് ദീപ്തിയെ വെട്ടിയതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Story Highlights : deepthi mary varghese criticism on kochi mayor election in congress meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




