വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി ഇന്ത്യ
വെനസ്വേലയിലെ അമേരിക്കൻ സൈനിക നീക്കത്തിന് പിന്നാലെ പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ. വെനസ്വേലയിലേക്കുള്ള എല്ലാ അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കണമെന്ന് നിർദേശം. നിലവിൽ വെനസ്വേലയിലുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണം.
യാത്രകൾ നിയന്ത്രിക്കണം. cons.caracas@mea.gov.in എന്ന ഇമെയിൽ ഐഡിയിലൂടെയോ +58-412-9584288 എന്ന അടിയന്തര ഫോൺ നമ്പറിലൂടെയോ കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദേശം നൽകി.
അതേസമയം അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറൽ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ സെന്ററിലേക്ക് ഇരുവരെയും മാറ്റും. വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, അമേരിക്കയുടെ ഈ ഇടപെടലിനെ വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്
ശക്തമായി അപലപിച്ചു.
കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും തുറമുഖമായ ലാ ഗ്വെയ്‌റയിലും വിമാനത്താവളമായ ഈഗ്‌റോട്ടിലും ആക്രമണങ്ങൾ നടന്നു. ഈഗ്‌റോട്ടിലെ സൈനിക ഹെലികോപ്ടർ താവളം പൂർണമായും ബോംബിട്ട് നശിപ്പിച്ചു. കാരക്കാസിലെ ഫെഡറൽ ലെജിസ്ലേറ്റീവ് പാലസ്, ലാ കാർലോട്ട വ്യോമതാവളം, എൽ ഹാറ്റിലോ വിമാനത്താവളം എന്നിവ ആക്രമിക്കപ്പെട്ടതായി വെനസ്വേല സ്ഥിരീകരിച്ചു. വേണ്ടി വന്നാൽ ഇനിയും വെനസ്വേലയെ ആക്രമിക്കുമെന്നാണ് ഡോണൾഡ് ട്രംപിൻ്റെ നിലപാട്.
ആക്രമണത്തെ റഷ്യ, ഇറാൻ, ക്യൂബ അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചു. വെനിസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ ബ്രിട്ടൺ ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ല എന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വ്യക്തമാക്കി.
പ്രാദേശികസമയം ഇന്നലെ പുലർച്ചെ 1.50-നാണ് അമേരിക്ക വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം ആരംഭിച്ചത്.
Story Highlights : India asks citizens to avoid all non-essential travel to Venezuela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




