കോങ്ങാട് മത്സരിക്കാനില്ല, പകരം പട്ടാമ്പി വേണം; സീറ്റ് വെച്ച് മാറാൻ മുസ്ലിം ലീഗ്
നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വെച്ച് മാറാൻ ഉറപ്പിച്ചു മുസ്‌ലീംലീഗ്. കോങ്ങാട് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് ലീഗ് ജില്ല നേതൃത്വം. പട്ടാമ്പി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ട്വന്റിഫോറിനോട് പറഞ്ഞു. വിജയ സാധ്യത മാനിച്ചുകൊണ്ട് ചില സീറ്റുകളിൽ ലീഗ് നിൽക്കുന്നതിനേക്കാൾ നല്ലത് കോൺഗ്രസ് നിൽക്കുന്നതായിരിക്കും. പരിശോധനകളുടെ അടിസ്ഥാനത്തിൽ അത് വെച്ച് മാറുന്നതാണ് നല്ലതെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് മരക്കാർ മാരായമംഗലം പറഞ്ഞു.
കോങ്ങാട് മണ്ഡലത്തിൽ മത്സരിക്കാൻ ഉദേശിക്കുന്നില്ല. കോങ്ങാട് കോൺഗ്രസ് മത്സരിക്കുന്നതാണ് നല്ലത്. ഈ സീറ്റിന് ബദലായി വിജയസാധ്യതയുള്ള ഒരു സീറ്റ് മണ്ണാർക്കാടിന് പുറമേ പാലക്കാട് ഉണ്ടാകണമെന്നാണ് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മരക്കാർ മാരായമംഗലം പറഞ്ഞു. പട്ടാമ്പി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.
Read Also: ‘മുഖ്യമന്ത്രി മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുന്നു’; രമേശ് ചെന്നിത്തല
പട്ടാമ്പിയിൽ മുസ്ലിം ലീഗിന് വിജയസാധ്യതയുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ മുസ്ലിം ലീഗിനും യുഡിഎഫിനും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് ലീഗ് വിലയിരുത്തുന്നത്. 260 ജനപ്രതിനിധികളാണ് ലീഗിന് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. കൂടാതെ 13 പഞ്ചായത്തുകളിൽ ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ട് വിജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
Story Highlights : Muslim League will swap seats in assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




