‘കഴുത്തറ്റം ചെളിയില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന്റെ ഷര്‍ട്ടില്‍ കൂടി അല്‍പം ചെളി തെറിപ്പിക്കാമെന്നാണ് വിചാരിക്കുന്നത്’; വി ഡി സതീശന് പിന്തുണയുമായി ടി സിദ്ദിഖ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനി കേസിൽ പ്രതികരിച്ച് ടി സിദ്ദിഖ് എംഎൽഎ. താൻ കഴുത്തറ്റം ചെളിയില്‍ വീണുകിടക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഷര്‍ട്ടില്‍ കൂടി അല്‍പം ചെളി തെറിപ്പിക്കാമെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി വിചാരിക്കുന്നതെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയ്ക്കും സർക്കാരിനും എന്ന് മുതലാണ് കേന്ദ്ര ഏജന്‍സികള്‍ മിടുക്കന്മാരായി മാറിയത്? ഇ.ഡിയെയും സിബിഐയെയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുകൊണ്ടിരുന്ന താങ്കള്‍, അവയെ പ്രതിപക്ഷത്തിനു നേരെ ആയുധമാക്കുമ്പോള്‍ കേരളം എന്താണ് ചിന്തിക്കേണ്ടത്?
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാം എന്ന് താങ്കളെ ഉപദേശിച്ചത് ആരാണ്?
കേരളം ഒട്ടാകെ അലയടിക്കുന്ന യുഡിഎഫ് തരംഗം ഒരന്വേഷണം പ്രഖ്യാപിച്ച് വഴിതിരിച്ചുവിടാം എന്ന മൂഢസ്വര്‍ഗത്തിലാണ് താങ്കള്‍. പൊതുരംഗത്ത് 100% ട്രാന്‍സ്പരന്‍സി പുലര്‍ത്തുന്ന പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ അന്വേഷണ ഉമ്മാക്കി കാട്ടുന്നത് അല്പത്തരമല്ലേ? കഴിഞ്ഞ ഒമ്പതര വര്‍ഷം താങ്കള്‍ ഉറങ്ങുകയായിരുന്നോ? പുനര്‍ജനിയില്‍ വിവാദങ്ങള്‍ ഉടലെടുത്തപ്പോള്‍ തന്നെ അന്വേഷണം വേണമെന്ന് സ്വമേധയാ ആവശ്യപ്പെട്ട വി.ഡി സതീശന്റെ ആര്‍ജ്ജവം താങ്കള്‍ കണ്ടില്ലേ?.
”ഏത് അന്വേഷണ ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടും.”എന്ന് നെഞ്ചത്ത് കൈ വെച്ച് അന്തസ്സോടുകൂടി പറഞ്ഞയാളാണ് വി ഡി സതീശനെന്നും ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് വി ഡി സതീശനെതിരെ എടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഡിഐജി കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്.പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ്. വി ഡി സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights : T Siddique MLA supports VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



