Advertisement

‘ശബരിമല സ്വർണ്ണ കൊള്ള, ശക്തമായ തുടർ സമര പരമ്പരകൾക്ക് കോൺഗ്രസ് തുടക്കം കുറിക്കും’; കെസി വേണുഗോപാൽ എംപി

January 5, 2026
Google News 2 minutes Read

ശബരിമലയിലെ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമര പരമ്പരകൾക്ക് കോൺഗ്രസ് സംസ്ഥാനത്ത് തുടക്കം കുറിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ദൈവഭയമില്ലാത്തവർ ദൈവത്തിന്റെ സ്വത്ത് സ്വന്തം സ്വത്താണെന്ന് കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവൺമെന്റ് സൃഷ്ടിച്ചു.

ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവതരമാണ്. എസ്.ഐ.ടി.യിൽ പോലും വിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്ന തരത്തിലാണ് കോടതിയുടെ ഇടപെടലുകൾ. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാർക്സിസ്റ്റ് പാർട്ടിയും ഗവൺമെന്റും സ്വീകരിക്കുന്നത്. ഇതിനെതിരായി ശക്തമായ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ശബരിമലയില്‍ നടന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കൊള്ളയാണ്.അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് കണ്ടുകൊണ്ടിരിക്കുകയാല്ലേ ? എസ് ഐ ടിയെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ എങ്ങനെ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ഹൈക്കോടതിയുടെ ഓരോ നിരീക്ഷണങ്ങളും ഇടപെടലും.

ഇപ്പോള്‍ സുപ്രീംകോടതിയുടെ നിരീക്ഷണവും വളരെ വ്യക്തമാണ്. രാജ്യത്തെ തന്നെ ഞെട്ടിച്ച ശബരിമലയിലെ സ്വർണ്ണ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി ഐ എമ്മും സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 2019ലും ഇവര്‍ വിവാദമുണ്ടാക്കി. ശബരിമലയെ വിവാദകേന്ദ്രമാക്കി മാറ്റിയെടുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ കൊള്ളയുടെ കേന്ദ്രവുമാക്കി ഇപ്പോള്‍ മാറ്റിയിരിക്കുകയാണ് – കെസി വേണുഗോപാൽ പറഞ്ഞു.

കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമ്മപരിപാടികളാണ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വ്യക്തമായ ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ തന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രദേശിക തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.

ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർത്ഥികളെയെങ്കിലും പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. സാധാരണ രീതിയിൽ നിന്ന് വിപരീതമായി സ്ഥാനാർത്ഥികളെ ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകും. നിലവിലെ എം.പി.മാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച കാര്യങ്ങൾ തിരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലുമാണ് ചർച്ച ചെയ്യേണ്ടത്.

തിരഞ്ഞെടുപ്പ് സർവ്വേകൾക്കും മറ്റുമായി സുനിൽ കനുഗോലുവിന്റെ സേവനങ്ങൾ പാർട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. അദ്ദേഹം നിലവിൽ എ.ഐ.സി.സി. അംഗവും പാർട്ടിയുടെ ഭാഗവുമാണ്. ഭരണപക്ഷത്തുള്ളവർക്ക് വലിയ സാമ്പത്തിക സ്രോതസ്സുകളും പി.ആർ സംവിധാനങ്ങളുമുണ്ടാകാം. എന്നാൽ വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാതെ, പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടുകൂടിയാണ് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഒരു തോണിയിലെ തുഴച്ചിൽക്കാർ ഒരേ താളത്തിൽ തുഴഞ്ഞാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താൻ സാധിക്കൂ.പാർട്ടിയിലെ ഐക്യവും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും അത്തരത്തിൽ ഒത്തുചേർന്ന് പോകേണ്ടതുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ശശി തരൂര്‍ പാര്‍ട്ടിക്ക് വിലപ്പെട്ട നേതാവാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെസി വേണുഗോപാൽ മറുപടി നൽകി. ചില കാര്യങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രസ്താവനകളിൽ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടി അദ്ദേഹത്തോട് പലവട്ടം പറഞ്ഞിട്ടുണ്ട്. അത്തരം പ്രസ്താവനകള്‍ അദ്ദേഹം ഇപ്പോൾ നടത്താറില്ല. ശശിതരൂരിനെ പോലുള്ളയാളെ പാര്‍ട്ടിയില്‍ ഉപയോഗിക്കണമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ ചിന്താഗതിയെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Story Highlights : k c venugopal on udf protest on sabarimala gold platting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here