എല്ലാം മറന്ന് തരൂർ എത്തി: BJP പക്ഷത്തേക്കില്ലെന്ന് പ്രഖ്യാപനം; ആശ്വാസത്തിൽ ദേശീയ നേതൃത്വം
ഡോ.ശശി തരൂർ എംപി കഴിഞ്ഞ 10 മാസക്കാലമായി കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു. നിരന്തരമായി തരൂർ ഉയർത്തിയ എതിർ ശബ്ദങ്ങൾ പാർട്ടി നേതൃത്വത്തെ അസ്വസ്ഥരാക്കി. പലപ്പോഴും തരൂർ ബി ജെ പിയുടെ ഒപ്പമാണെന്ന് തോന്നിപ്പിച്ചു. തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുന്നയിച്ചു. പാർട്ടി ചട്ടക്കൂടിൽ നിൽക്കാൻ തയ്യാറല്ലെങ്കിൽ രാജിവെച്ചു പോവണമെന്ന് ജയറാം രമേശിനെപ്പോലുള്ള നേതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള നേതാവെന്ന നിലയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തി. അപ്പോഴെല്ലാം ഹൈക്കമാൻഡ് ക്ഷമിച്ചു. പുറത്താക്കണമെന്ന ആവശ്യം തള്ളി. മോദി സ്തുതിയുമായി തരൂരിന് കോൺഗ്രസിൽ തുടരാനാവില്ലെന്ന് വ്യക്തമാക്കിയപ്പോഴും തരൂർ ഇത് തുടർന്നു. രാഹുൽ ഗാന്ധിയുടേയും തന്റേയും വീക്ഷണങ്ങളിലുള്ള വ്യത്യാസമാണ് പലപ്പോഴും അഭിപ്രായ ഭിന്നതകൾക്ക് കാരണമെന്നായിരുന്നു തരൂർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ ഇടതു സർക്കാറിന്റെ വികസന നയത്തെ അഭിനന്ദിച്ച് തരൂർ വിവാദങ്ങളിൽപ്പെട്ടിരുന്നു. കേരളത്തിൽ വികസനമുരടിപ്പെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്കിടയിലായിരുന്നു തരൂർ കേരള സർക്കാരിനെ അഭിനന്ദിച്ച് രംഗത്തു വന്നത്. ഇതോടെ കോൺഗ്രസ് നേതൃത്വം തരൂരിനെതിരെ തിരി്ഞ്ഞു. പിന്നീട് തരൂർ ഈ അഭിപ്രായത്തെ തിരുത്തിയെങ്കിലും കേരളത്തിലെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. താനാണ് കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരേണ്ടതെന്നും തരൂർ അവകാശപ്പെട്ടിരുന്നു. ഒരു സർവേയിൽ തനിക്കാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചതെന്നും, അതിനാൽ തന്നെ പരിഗണിക്കണമെന്നും തരൂർ ആവശ്യമുന്നയിച്ചതും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തരൂരിൽ നിന്നും അകന്നു.
ശശി തരൂർ ഉടൻ പാർട്ടി വിടുമെന്നും, ബി ജെ പിയിൽ ചേക്കേറുമെന്നും ദേശീയ മാധ്യമങ്ങൾ വിധിയെഴുതി. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുമെന്ന് തരൂരും ഒരു പക്ഷേ, കരുതിയിട്ടുണ്ടാവാം. എന്നാൽ അതൊന്നും സംഭവിച്ചില്ല. തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ അത് ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടി ലഭിക്കുമെന്ന ആശങ്ക ഹൈക്കമാൻഡിനും ഉണ്ടായിരുന്നു. അതിനാൽ കഠിനമായൊരു നിലപാടിലേക്ക് എ ഐ സി സിയും കടന്നില്ല.
Read Also: ‘മാറി നിൽക്കാൻ തയാർ’: ചാണ്ടി ഉമ്മന്റെ ലക്ഷ്യം എന്ത് ? നീക്കം തിരുവഞ്ചൂരിനെ ലക്ഷ്യമിട്ടോ ?
തരൂർ പാർട്ടിക്ക് വിധേയനാവണമെന്ന നിർദേശം പലപ്പോഴായി എ ഐ സി സി നൽകിയെങ്കിലും തരൂരിന്റെ നിലപാടുകൾ അപ്പോഴും കടുത്തു. ഒടുവിൽ ഗാന്ധി കുടുംബത്തെ കുറിച്ചുപോലും വിമർശനാത്മക ലേഖനം എഴുതി. തരൂർ പാർട്ടിയിൽ നിന്നും പുറത്തുപോയാൽ തിരുവനന്തപുരത്ത് ഒരു ഉപതിരഞ്ഞെടുപ്പുണ്ടാവുമെന്ന ആശങ്ക കേരളത്തിലെ കോൺഗ്രസ് നേതാക്കളിലും ഉടലെടുത്തിരുന്നു. ബി ജെ പി നേട്ടമുണ്ടാക്കാനായി തക്കം പാർത്തിരിക്കുന്ന പാർലമെന്റ് മണ്ഡലമാണ് തിരുവനന്തപുരം. രാജീവ് ചന്ദ്രശേഖരനെ രംഗത്തിറക്കി തിരുവനന്തപുരം പിടിക്കാനുള്ള നീക്കം ആദ്യം ഫലം കണ്ടില്ലെങ്കിലും രണ്ടാം വട്ടം ലക്ഷ്യം നേടാനാണ് ബി ജെ പി തക്കം പാർത്തിരിക്കുന്നത്. ഇതാണ് കോൺഗ്രസിനേയും ഭയപ്പെടുത്തുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി ജെ പി പിടിച്ചതോടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന പ്രചാരണം ശക്തവുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് കോൺഗ്രസ് ഒരുങ്ങുമ്പോഴും ശശി തരൂർ എതിർ പക്ഷത്ത് തുടരുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനും ആശങ്കയുണ്ടായിരുന്നു. വയനാട് നടക്കുന്ന കെ പി സി സിയുട ലക്ഷ്യ ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാൻ ഹൈക്കമാൻഡ് തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളാ നേതാക്കൾ തരൂർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തരൂർ സമ്മിറ്റിൽ പങ്കെടുത്തതും, താൻ കോൺഗ്രസിനൊപ്പം അടിയുറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചതും കോൺഗ്രസ് നേതൃത്വത്തിന് കരുത്തായി മാറിയിരിക്കയാണ്. കോൺഗ്രസിന്റെ പാതയിലാണ് താനെന്നും കേരളത്തിൽ ഭരണം നേടാനായി പാർട്ടി നടത്തുന്ന പോരാട്ടത്തിനൊപ്പമാണെന്നും ശശി തരൂർ നടത്തിയ പ്രസ്താവന കോൺഗ്രസിന് ആശ്വാസമായി. ഇതോടെ വലിയൊരു ആശങ്കയാണ് ഒഴിഞ്ഞതെന്നാണ് നേതാക്കളുടെ പ്രതികരണം.
Story Highlights : Shashi Tharoor participate KPCC Lakshya leadership camp preparatory to 2026 Assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




