മറക്കാനാകാത്ത സംഘാടന മികവ്; സുരേഷ് കൽമാഡി വിട വാങ്ങുമ്പോൾ
സ്‌പോർട്‌സ് സംഘാടകർക്കിടയിൽ സുരേഷ് കൽമാഡി എന്നും വ്യത്യസ്തനായിരുന്നു. പുനെ ദേശീയ ഗെയിംസിന് കാട്ടിനുള്ളിൽ താരങ്ങൾക്കും മറ്റുമായി ബിരിയാണി സദ്യ ഒരുക്കിയത് അതിലൊന്നു മാത്രം. അധികമാരും ശ്രദ്ധിക്കാതിരുന്ന അത്‌ലറ്റിക്‌സിനെ ഗ്ലാമർ ഇനമാക്കി. അത്‌ലറ്റിക് മീറ്റുകൾ കൽമാഡി ഷോകൾ ആയത് യാദൃശ്ചികം . ‘ഷോമാൻ’ ഒടുവിൽ ഗ്ലാമർ ഇല്ലാതെ യാത്രയായി. ഇന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 81 വയസ് ആയിരുന്നു.
കർണാടകയിലെ കൂർഗിലെ കൽമാഡി ഗ്രാമത്തിൽ നിന്ന് വായുസേനയിൽ പൈലറ്റ് ആയ സുരേഷ് ആദ്യം സഞ്ജയ് ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായി. ശരത് പവാറിനും പ്രിയപ്പെട്ടവനായി. പിന്നീട് സ്‌പോർട്‌സ് സംഘാടകനായി. രാജ്യസഭയിലും ലോക്‌സഭയിലും എത്തി. റെയിൽവേ സഹമന്ത്രിയായിരിക്കെ അർജുന അവാർഡ് ജേതാക്കൾക്ക് ട്രെയിൻ യാത്ര സൗജന്യമാക്കി. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷന്റെയും പ്രസിഡന്റായി. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സാരഥിയായി. ആദ്യം ശിവന്തി ആദിത്യനോട് മൂന്നു വോട്ടിനു തോറ്റെങ്കിലും പിന്നീട് ഐ.ഒ.എ കൈപ്പിടിയിലാക്കി. ആഫ്രോ – ഏഷ്യൻ ഗെയിംസ് നടത്തി. വിദേശ താരങ്ങളെ എത്തിച്ച് പെർമിറ്റ് മീറ്റുകൾ സംഘടിപ്പിച്ചു. അത്‌ലറ്റിക്‌സിന് പ്രായോജകരെ കണ്ടെത്താനും കൽമാഡിക്ക് കഴിഞ്ഞു. ഒടുവിൽ 2010ലെ ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ ചുക്കാൻ പിടിച്ചതോടെ കഷ്ടകാലം തുടങ്ങി. കോമൺവെൽത്ത് ഗെയിംസ് വേളയിൻ കൽമാഡിയെ കാണികൾ കൂകിവിളിച്ചതും കണ്ടു.
Read Also: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
1991ൽ ന്യൂഡൽഹിയിൽ ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്‌സ് നടന്നപ്പോഴാണ് സുരേഷ് കൽമാഡിയെ പരിചയപ്പെട്ടത്. 1994ൽ പുനെ ദേശീയ ഗെയിംസ് വേളയിൽ ഞാൻ ‘ദ് വീക്ക് ‘ വാരികയ്ക്കായി കൽമാഡിയുമായി അഭിമുഖം നടത്തിയിരുന്നു. പിന്നീട് എത്രയോ അഭിമുഖങ്ങൾ. ഒരിക്കൽ ഡൽഹിയിൽ കൽമാഡിയുടെ വസതിയിൽ ചെല്ലുമ്പോൾ എം.ജെ. അക്ബറും ഉമാ ഗജപതി രാജുവും അവിടെയുണ്ടായിരുന്നു. തന്നെ ‘ഷോമാൻ’ ആക്കിയ സ്‌പോർട്‌സ് റിപ്പോർട്ടർ എന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയത് ഓർക്കുന്നു.
പിന്നീട് ബാങ്കോക്കിൽ കെ.പി.എസ് ഗില്ലിനോടും കൽമാഡി ഇതു തന്നെ പറഞ്ഞു. ഒടുവിൽ ഷോമാൻ അഴിമതിക്കേസിൽ ജയിലിലായതും ചരിത്രം. പക്ഷേ, ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് ഇന്നത്തെ ഗ്ലാമർ സമ്മാനിച്ചത് സുരേഷ് കൽമാഡിയാണ് എന്നത് സത്യം. പുത്രി സൊണാലിയും ഗുജറാത്തിൽ നിന്നുള്ള രാഹുൽ സാത്തേയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുമ്പോൾ രാഹുൽ കൊച്ചിയിൽ ബിസിനസ് ചെയ്തിരുന്നു. മകൾ കേരളത്തിലേക്കെന്ന് പറഞ്ഞ് കൽമാഡി ഫോൺ വിളിച്ചത് മറന്നിട്ടില്ല. ഇക്കാര്യം തിരുവനന്തപുരത്ത് കൽമാഡി പങ്കെടുത്ത സ്‌പോർട്‌സ് കൗൺസിൽ അവാർഡ് വിതരണച്ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു. കൽമാഡിയുടെ ഭാര്യ മീരയുമായും സൗഹൃദമുണ്ടായിരുന്നു.
പക്ഷേ, 2010ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിലെ വൻ അഴിമതി കൽമാഡിയെ തിഹാർ ജയിലിലാക്കി. ഇടയ്ക്ക് മറവി രോഗവും പിടിപെട്ടു. ജയിൽ മോചിതനായ കൽമാഡി പൊതുവേദികളിൽ നിന്ന് പൂർണമായും ഉൾവലിഞ്ഞു. കൽമാഡിയെ പലതവണ വിമർശിച്ചിട്ടുണ്ട്. പക്ഷേ, സ്‌പോർട്‌സ് മീറ്റിന് ലതാ മങ്കേഷ്‌കറെയും എം.എഫ് ഹുസൈനെയുമൊക്കെ അതിഥികളാക്കിയ കൽമാഡിയുടെ സംഘാടക മികവ് ഒരിക്കലും മറക്കാനാവില്ല. പ്രണാമം.
Story Highlights : Former Pune MP and Sports Administrator Suresh Kalmadi Passes Away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




