Advertisement

സിറ്റിംഗ് എം പിമാരെ മത്സരിപ്പിക്കരുത്, പ്രായവും മാനിക്കണം, കോണ്‍ഗ്രസില്‍ ആരൊക്കെ സ്ഥാനാര്‍ഥികളാവും ? കനഗോലുവിന്റെ നിര്‍ദേശം നിര്‍ണായകം

January 7, 2026
Google News 2 minutes Read
congress

സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും തുടക്കമായി. യു ഡി എഫും എല്‍ ഡി എഫും വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സ്ഥാനാര്‍ഥികളുടെ പ്രാരംഭ ചര്‍ച്ചകളിലേക്ക് നീങ്ങുന്നത്. ഈ മാസം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് നീക്കം. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ സജീവമായാല്‍ അത് വിജയത്തിന് കൂടുതല്‍ സഹായകമാവുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. സിറ്റിംഗ് എം എല്‍ എ മാരെല്ലാം മത്സരിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ സീറ്റില്‍ ആരെ സ്ഥാനാര്‍ഥിയാക്കാമെന്നതില്‍ നേതൃത്വം വൈകാതെ തീരുമാനം കൈക്കൊള്ളും. മാധ്യമങ്ങളില്‍ വിവിധ പേരുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും വിജയസാധ്യത മുന്‍നിര്‍ത്തിയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

സിറ്റിംഗ് എം പിമാരെ ഒരു മണ്ഡലത്തിലേക്കും പരിഗണിക്കേണ്ടെന്നാണ് കെ പി സി സി നിലപാട്. അടൂര്‍ പ്രകാശ്, കെ സുധാകരന്‍ എന്നീ എം പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. സിറ്റിംഗ് എം പിമാര്‍ മത്സരിക്കാനെത്തുന്നത് ഉപതിരഞ്ഞെടുപ്പിനുള്ള വഴിയൊരുങ്ങുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍ക്കെങ്കിലും പ്രത്യേക ഇളവുകള്‍ വേണ്ടതുണ്ടോ എന്നതില്‍ കൂട്ടായ ചര്‍ച്ചകളും ഹൈക്കമാന്റിന്റെ തീരുമാവും വേണ്ടിവരും. പ്രായപരിധിയില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രായവും ഒരു മാനദണ്ഡമാക്കണമെന്നാണ് നിര്‍ദേശം. മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഇവരെ മത്സരിപ്പിക്കുന്നതിലും തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.

ഇത്തവണ ,സ്ഥാനാര്‍ഥികളായി യുവാക്കളെയും സ്ത്രീകളേയും പരിഗണിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. പുതുമുഖങ്ങള്‍ വരുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന സുനില്‍ കനഗോലുവിന്റെ നിര്‍ദേശം കെ പി സി സി നടപ്പാക്കും. സാധ്യത പട്ടിക സുനില്‍ കനഗോലു കെ പി സി സിക്കും എ ഐ സി സിക്കും സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നതിനാണ് കെ പി സി സി നേതൃത്വം ശ്രമിക്കുന്നത്. നിരവധി തവണ മത്സരിച്ചവരെ പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും ഉയരുന്നുണ്ട്. കഴിഞ്ഞതവണ പരാജയപ്പെട്ടവരെ അതേ മണ്ഡലത്തില്‍ പരീക്ഷിക്കേണ്ടെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന നിര്‍ദേശം. സ്ഥാനാര്‍ഥികളായി ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കെ പി സി സി യുടെ നിര്‍ദേശം. മുതിര്‍ന്ന നേതാക്കളെകൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പട്ടിക ഈ മാസം ഹൈക്കമാന്റിന് സമര്‍പ്പിക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി സുനില്‍ കനഗോലു കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ആദ്യപട്ടിക സമര്‍പ്പിക്കുക.

കേരളത്തില്‍ ഭരണം പിടിക്കാനായി വന്‍പദ്ധതികളാണ് എ ഐ സി സി തയ്യാറാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള താരപ്രചാരകര്‍ സംസ്ഥാനത്ത് എത്തും. എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എം പിയുമായ ഡോ ശശി തരൂര്‍, എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലും സ്ഥാനാര്‍ഥി ചര്‍ച്ചയുടെ ഭാഗമായിരിക്കും. സ്ഥാനാര്‍ഥകളെ സംബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുമായുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

Story Highlights : Who will be the candidates in Congress? Kanagolu’s suggestion is crucial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here