Advertisement

സിപിഐഎം കേന്ദ്രങ്ങളെ ഞെട്ടിച്ചൊരു ബിജെപി പ്രവേശം; റെജി ലൂക്കോസിനെ തള്ളി നേതാക്കള്‍

January 8, 2026
Google News 2 minutes Read
cpim supporter reji lukose's bjp entry explained

ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ സിപിഐഎമ്മിന്റെ മുഖമായിരുന്ന രാഷ്ട്രീയ നിരീക്ഷകരായിരുന്നു റെജി ലൂക്കോസും, അഡ്വ ബി എം ഹസ്‌കറും. സിപിഐഎം നേതാക്കളേയും നയങ്ങളേയും ന്യായീകരിക്കുകയെന്ന ചുമതലയാണ് ഇവര്‍ കുറേ കാലങ്ങളായി ചെയ്തുകൊണ്ടിരുന്നത്. ഇന്നലെവരെ സിപിഐഎം പ്രതിനിധിയായി ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന റെജി ലൂക്കോസ് ഇന്ന് ബി ജെ പിയില്‍ ചേര്‍ന്നവാര്‍ത്തയാണ് രാവിലെ പുറത്തുവന്നത്. ബി ജെ പി ആസ്ഥാനത്തെത്തിയ റെജി ലൂക്കോസിനെ സംസ്ഥാന അധ്യക്ഷന്‍ ഷാളണിയിച്ച് സ്വീകരിച്ചിരിക്കുന്നു. സിപിഐഎം തന്നെ നിരന്തരമായി അവഗണിച്ചുവെന്നും, വര്‍ഗീയത പടര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സി പി ഐ എം നടത്തുന്നതെന്നുമാണ് റെജി ലൂക്കോസ് ആരോപിക്കുന്നത്. പാര്‍ട്ടി പ്രതിരോധത്തിലായ ഘട്ടങ്ങളിലെല്ലാം ദൃശ്യമാധ്യമങ്ങളില്‍ പ്രതിരോധ ശക്തിയായി നിലകൊണ്ട നിരീക്ഷകനായിരുന്നു റെജി ലൂക്കോസ്. റെജി ലൂക്കോസ് ഇതിനെല്ലാം പ്രതിഫലമെന്നോണം പാര്‍ട്ടി എന്തെങ്കിലും സ്ഥാനമാനങ്ങള്‍ നല്‍കി സംരക്ഷണം നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അത്തരമൊരു പരിഗണന തനിക്ക് ലഭിച്ചില്ലെന്നാണ് റെജിയുടെ ആക്ഷേപം. എന്തായാലും റെജിയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. (cpim supporter reji lukose’s bjp entry explained)

തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കെയാണ് സ പിഐഎമ്മിന്റെ ശബ്ദപോരാളിയായിരുന്ന ഒരാള്‍ ബി ജെ പിയില്‍ ചേര്‍ന്നത്. റെജി ലൂക്കോസിന്റെ ഈ നീക്കം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. റെജി ലൂക്കോസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുള്ള പ്രതികരണങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞെങ്കിലും റെജി ലൂക്കോസിന്റെ ചുവടുമാറ്റം കനത്ത പ്രഹരമാണെന്ന് പാര്‍ട്ടി നേതൃത്വവും വിലയിരുത്തിയിരിക്കയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു സുപ്രഭാതത്തില്‍ ബി ജെ പിയിലേക്ക് പോവുന്നുവെന്ന ആരോപണം തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന സി പി ഐ എം നേതൃത്വത്തിന് റെജിയുടെ നിലപാടുമാറ്റം തിരിച്ചടിയാണ്.

Read Also: വടക്കാഞ്ചേരി കോഴ; ‘എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണം; ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കോഴ കൊടുത്ത് സിപിഐഎം അട്ടിമറിച്ചു’; അനില്‍ അക്കര

പാര്‍ട്ടിയുമായി ബന്ധമില്ലെന്ന പ്രചരണമാണ് സി പി ഐ എം നേതാക്കള്‍ നടത്തുന്നതെങ്കലും റെജി പാര്‍ട്ടി അംഗമാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ വര്‍ഷം നടന്ന കോട്ടയം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി പ്രതിനിധിയായി കടുത്തുരുത്തിയില്‍ നിന്നും അദ്ദേഹം പങ്കെടുത്തിരുന്നു. പാര്‍ട്ടി നേതാക്കളെ ന്യായീകരിച്ച് പാര്‍ട്ടിയുടെ മുഖമായി മാറിയ റെജിയെ ഇന്നേവരെ നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ലെന്നും ശ്രദ്ധേയമാണ്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തൊരാള്‍ സ്വന്തം നിലയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് മന്ത്രിമാരായ വി എന്‍ വാസവനും, പി രാജീവും വ്യക്തമാക്കുന്നത്. പാര്‍ട്ടിയോട് വിടപറഞ്ഞ റെജി ലൂക്കോസിനെ വരും ദിവസങ്ങളില്‍ ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ പ്രതിരോധിക്കേണ്ട ബാധ്യതയും സി പി ഐ എം നേതാക്കള്‍ ഏറ്റെടുക്കേണ്ട ഗതികേടായിരിക്കുകയാണ്.

സിപിഐഎം സഹയാത്രികനായ അഡ്വ ബി എം ഹസ്‌കറാവട്ടെ പാര്‍ട്ടിയുടെ നയവ്യതിയാനത്തെ ചാനല്‍ ചര്‍ച്ചയില്‍ അതിശക്തമായ ഭാഷയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയേയും എസ് എന്‍ ഡി പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ച അഡ്വ. ബി എം ഹസ്‌ക്കറെ പാര്‍ട്ടി തിരുത്താനുള്ള ശ്രമത്തിലാണ്. പാര്‍ട്ടി വിരുദ്ധനിലപാട് ചാനല്‍ ചര്‍ച്ചകളില്‍ ഉണ്ടാവരുതെന്നാണ് ഹസ്‌ക്കറോട് പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ തെറ്റുകളുണ്ടായിട്ടില്ലെന്നും, പാര്‍ട്ടിയുടെ ദേശീയ നിലപാടാണ് താന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. പ്രലോഭനങ്ങള്‍കൊണ്ടോ ഭീഷണികള്‍ കൊണ്ടോ ഒരു വായയും മൂടിക്കെട്ടാനാവില്ലെന്നാണ് ഹസ്‌ക്കറുടെ പ്രതികരണം. അപശബ്ദങ്ങളെ അവഗണിക്കാം, എന്നാല്‍ അലറിവരുന്ന കടലിനെ നേരിടാന്‍ കഴിയില്ലെന്നാണ് ഹസ്‌ക്കര്‍ പറയുന്നത്. രണ്ടു ദിവസങ്ങള്‍ക്കിടയില്‍ സി പി ഐ എമ്മിന്റെ ചാനല്‍ മുഖമായിരുന്ന രണ്ട് നിരീക്ഷകര്‍ പാര്‍ട്ടിക്ക് കടുത്ത തലവേദനയായിമാറിയതിന്റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

Story Highlights : cpim supporter reji lukose’s bjp entry explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here