കോൺഗ്രസ് അംഗങ്ങളുമായി സഖ്യം; അമ്പർനാഥ് മുനിസിപ്പൽ കൗൺസിലിൽ ഭരണം പിടിക്കാൻ BJP
മഹാരാഷ്ട്രയിലെ അമ്പർനാഥ് മുനിസിപ്പൽ കൗൺസിലിൽ ഭരണം പിടിക്കാൻ കോൺഗ്രസ് അംഗങ്ങളെ പാളയത്തിലെത്തിച്ച് ബിജെപി. കോൺഗ്രസ് അംഗങ്ങളെ ഒപ്പം കൂട്ടിയാണ് ശിവസേന ഷിൻഡെ വിഭാഗത്തെ ബിജെപി തോൽപിച്ചത്. ബിജെപിയുമായി കോൺഗ്രസ് കൗൺസിലർമാർ സഖ്യമുണ്ടാക്കിയത് വൻ വിവാദമായതോടെ പാർട്ടി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് അമ്പർനാഥ് അടക്കമുള്ള മുനിസിപ്പൽ കൗൺസിലുകളിലേക്ക് തിരഞ്ഞെടുപ്പ്. സംസ്ഥാന തലത്തിലെ സഖ്യം നോക്കാതെ പലയിടത്തും പാർട്ടികൾ പ്രാദേശിക തലത്തിൽ പുതിയ സഖ്യങ്ങൾ ഉണ്ടാക്കിയിട്ടും ഉണ്ട്. എന്നാൽ അമ്പർനാഥിൽ ഭരണം പിടിക്കാൻ ബിജെപിയും കോൺഗ്രസും സഖ്യമുണ്ടാക്കിയത് ദേശീയ തലത്തിൽ വരെ ചർച്ചയായി. ജയിച്ചു വന്ന കൗൺസിലർമാർ പാർട്ടിയെ വഞ്ചിച്ചതാണെന്ന് പറഞ്ഞ് കോൺഗ്രസ് സംസ്ഥാന നേതൃത്വം 12 കൌൺസിലർമാരെയും സസ്പെൻഡ് ചെയ്തു. ഇവരാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നത്.
സംസ്ഥാന തലത്തിലെ പങ്കാളിയായ ശിവസേനാ ഷിൻഡെ വിഭാഗത്തെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കാനായിരുന്നു ബിജെപിയുടെ ഈ തന്ത്രം. കോൺഗ്രസിന് പിന്നാലെ ഈ പ്രാദേശിക സഖ്യത്തെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും തള്ളിപ്പറഞ്ഞിരുന്നു. പക്ഷെ കോൺഗ്രസ് ചെയ്തത് പോലെ നടപടിയൊന്നും എടുത്തില്ല. മഹാരാഷ്ട്രയിലെ അകോളയിൽ അസസുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടി ടിക്കറ്റിൽ ജയിച്ചവരെ ഒപ്പം കൂട്ടിയും ബിജെപി സഖ്യമുണ്ടാക്കിയിരുന്നു. ഈ നീക്കത്തെയും സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ ബിജെപിയുടെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല. സ്വന്തം പാളയത്തിൽ ഉണ്ടായ തിരിച്ചടിയിൽ ബിജെപിക്കെതിരെ ശിവസേന ഷിൻഢെ വിഭാഗത്തിൽ അതൃപ്തി പുകയുകയാണ്.
Story Highlights : BJP to take power in Ambernath Municipal Council
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




