മുകേഷിന് ഇനി സീറ്റില്ല; കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ CPIM
കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും. എംഎൽഎ എം മുകേഷിന് ഇനി സീറ്റില്ല. കൊല്ലത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എസ് ആർ രാഹുൽ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈൻ ദേവ് എന്നീ പേരുകൾ പരിഗണനയിൽ.
കുണ്ടറ മണ്ഡലമാണ് സിപിഐഎം ഏറെ പ്രാധാന്യത്തോടെ കാണുന്ന മണ്ഡലം. നിലവിൽ യുഡിഎഫ് സ്ഥാനാർഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കുന്ന മണ്ഡലമാണ്. മണ്ഡലം പിടിച്ചെടുക്കുകയെന്നത് സിപിഐഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. മണ്ഡലം തിരിച്ച് പിടിക്കാൻ എസ് ആർ അരുൺ ബാബുവിന് കഴിയുമെന്ന് സി പി ഐ എം വിലയിരുത്തൽ. കുണ്ടറയിൽ എസ് എൽ സജി ലാലും പരിഗണനയിലുണ്ട്.
എം മുകേഷിന് പകരം ആരെന്ന ചർച്ചയിലാണ് യുവാക്കൾക്ക് പ്രാതിനിധ്യം നൽകാൻ സിപിഐഎം തീരുമാനിക്കുന്നത്. എസ്ആർ രാഹുലിനാണ് പ്രാഥമിക പരിഗണന. മുതിർന്ന നിലയിലും തൊഴിലാളികൾക്കിടയിലെ സ്വാധീനവും കൊല്ലത്ത് ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹനെയും പരിഗണിക്കുന്നുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപനും സാധ്യത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കുന്നത്തൂർ സീറ്റ് സി പി ഐ എം ഏറ്റെടുത്തേക്കും. കഴിഞ്ഞ അഞ്ച് ടേമായി കോവൂർ കുഞ്ഞുമോൻ കുന്നത്തൂർ തുടരുകയാണ്. സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം സിപിഐഎമ്മിൽ ഉയർന്നിരുന്നു. കോവൂർ കുഞ്ഞുമോന് പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ സി പി ഐ എം നീക്കം ആരംഭിച്ചു. സീറ്റിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇരവിപുരത്ത് നിലവിലെ എം എൽ എ എം നൗഷാദ് തുടർന്നേക്കും. ചവറയിൽ ഡോ. സുജിത്ത് വിജയൻ പിള്ള തന്നെ മത്സരിക്കും. കൊട്ടാരക്കരയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വീണ്ടും ജനവിധി തേടും.
Story Highlights : CPIM to give more representation to youth in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




