Advertisement

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; ‘മുഖ്യമന്ത്രിയുടെ വിശദീകരണം ക്രൈസ്തവന്യൂനപക്ഷം വെറും പോഴരെന്ന മട്ടില്‍’; ദീപികയില്‍ വിമര്‍ശനം

January 9, 2026
Google News 3 minutes Read
jb koshi

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ വിമര്‍ശനവുമായി കത്തോലിക്ക സഭാ മുഖപത്രം ദീപിക. നടപ്പാക്കിയ ശിപാര്‍ശകള്‍ ക്രൈസ്തവ സമൂഹത്തിന് ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ശിപാര്‍ശകള്‍ എവിടെ, എങ്ങനെ നടപ്പാക്കിയെന്ന് അറിയാന്‍ ക്രൈസ്തവ സമൂഹത്തിന് താല്പര്യമുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചതും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതുമെന്നാണ് കുറ്റപ്പെടുത്തല്‍. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് 2023 മേയ് 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷത്തിലേറെയായി. സര്‍ക്കാര്‍ അനങ്ങിയില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; ‘റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും’. അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാള്‍ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സര്‍, ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ് – മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.

റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നും അതിന്റെ പേരിലുണ്ടാകുന്ന ചര്‍ച്ചകളെ ക്രൈസ്തവ സമൂഹം തെല്ലും ഭയപ്പെടുന്നില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭരണഘടനാവിരുദ്ധമോ പൊതുസമൂഹത്തിനു ദോഷകരമോ ആയ കാര്യങ്ങള്‍ നടത്തിയെടുക്കാനല്ല ഒരു ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. ഒരു പിന്‍വാതില്‍ ആനുകൂല്യവും ക്രൈസ്തവര്‍ക്കു വേണ്ട. അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ, സര്‍ക്കാര്‍ ഇരുട്ടില്‍നിന്നു മാറി നില്‍ക്കണം. ‘ചിലപ്പോള്‍ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ തോന്നും’ എന്ന എക്കോ സിനിമയിലെ നിരീക്ഷണം ഇവിടെയും മുഴങ്ങുന്നു – മുഖപ്രസംഗം വ്യക്തമാക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചപ്പോള്‍ അതു ക്രൈസ്തവന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണെന്നു തോന്നിപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് റിപ്പോര്‍ട്ട് വെളിപ്പെടുത്താതെ അതിന്റെ ശിപാര്‍ശകള്‍ നടത്തിക്കഴിഞ്ഞെന്ന് അവകാശപ്പെടുമ്പോള്‍ അതു കാണിക്കുന്നത് നിയന്ത്രണത്തിന്റെ അടയാളങ്ങളാണ്. പക്ഷേ, ജനാധിപത്യത്തില്‍ യഥാര്‍ഥ നിയന്ത്രണം ജനത്തിന്റെ വിരല്‍ത്തുമ്പിലല്ലേ! – മുഖപ്രസംഗത്തില്‍ പറയുന്നു

റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 284 ശുപാര്‍ശകളും 45ഉപ ശിപാര്‍ശകളും കമ്മീഷന്‍ നല്‍കി. 17 വകുപ്പുകള്‍ ശിപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കി. 7 ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുന്ന നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കുന്നുണ്ട്. സാധ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. തുടര്‍ന്നുള്ള നടപടികളും വേഗത്തിലാക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ല – മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : Deepika Newspaper criticizes Chief Minister’s explanation regarding JB Koshy Commission report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here