തന്ത്രം തന്ത്രിയുടേതോ? കണ്ഠരരുടെ അറസ്റ്റില്‍ ഞെട്ടി വിശ്വാസി സമൂഹം
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റു ചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണ് വിശ്വാസി സമൂഹം. ശബരിമലയില്‍ അയ്യപ്പന്‍ കഴിഞ്ഞാൽ ഏറ്റവും ആരാധനയോടെ കണ്ടിരുന്ന തന്ത്രി സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ടതും ഏറ്റവും ഒടുവില്‍ അറസ്റ്റിലായതും കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന ഉന്നത ഗൂഢാലോചനയുടെ ചുരുളഴിയാന്‍ വഴിയൊരുങ്ങുകയാണ്.
കേരളം കഴിഞ്ഞ മൂന്നുമാസത്തിലേറെയായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കൊടും കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷകള്‍. കോടികൾ വിലമതിക്കുന്ന അയ്യപ്പന്റെ ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പടിയടങ്ങുന്ന സ്വർണ ഉരുപ്പടികള്‍ ചെമ്പാണെന്ന് തിരുത്തല്‍ വരുത്തി, അറ്റകുറ്റപ്പണികള്‍ക്കെന്ന നിലയില്‍ കൊണ്ടുപോയിവിറ്റെന്നാണ് കേസ്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പടികള്‍ ചെന്നൈയിലേക്ക് അറ്റകുറ്റപണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈകളില്‍ കൊടുത്തുവിട്ടെന്നും, ഇത് ചെമ്പെന്നാണ് രേഖപ്പെടുത്തി സ്വര്‍ണം കവര്‍ന്നുവെന്നായിരുന്നു കേസ്. ദ്വാരപാലക ശില്പത്തിന്റെ പീഠം കാണാതായതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയാണ് ശബരിമലയിലെ കൊടുംകൊള്ളയിലേക്ക് വെളിച്ചം വീശിയത്.
തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തതോടെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്വര്‍ണകൊള്ളയ്ക്ക് ഒത്താശ ചെയ്തുകൊടുത്ത മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരും ബോര്‍ഡ് അംഗവും നേരത്തെ അറസ്റ്റിലായിരുന്നു. ഈശ്വര തുല്യനായി കണക്കാക്കിയിരുന്നയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയില്‍ പരാമര്‍ശമുണ്ടായിരുന്നുവെങ്കിലും എസ് ഐ ടി തന്ത്രിയിലേക്ക് എത്തിയിരുന്നില്ല. മൊഴികളെല്ലാം സൂഷ്മമായി പരിശോധിക്കുകയും എല്ലാ തെളിവുകളും ശേഖരിക്കുകയും ചെയ്തതിന് ശേഷമാണ് 2018 കാലത്ത് ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവര് അറസ്റ്റ് ചെയ്യപ്പെടുന്നത്.
ശബരിമലയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് അയ്യപ്പക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണപ്പാളിയും മറ്റും അറ്റകുറ്റപ്പണികള്‍ക്കായി കൊടുത്തുവിട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നായിരുന്നു തുടക്കം മുതലുള്ള അന്വേണണ സംഘത്തിന്റെ സംശയം. ഉന്നതരുടെ പങ്കാളിത്തമില്ലാതെ ഇത്തരത്തിലൊരു വന്‍ കൊള്ള നടക്കില്ലെന്ന് ഹൈക്കോടതിയും തുടക്കം തൊട്ട് നിരീക്ഷിച്ചിരുന്നു. എസ് ഐ ടിയുടെ അന്വേഷണത്തിന്റെ തുടക്കംമുതല്‍ സംശയമുനയിലായിരുന്നു തന്ത്രി കണ്ഠരര് രാജീവര്. അന്വേഷണം നേരത്തെ തന്നെ തന്ത്രിയിലേക്ക് എത്തിയിരുന്നുവെങ്കിലും അറസ്റ്റു ചെയ്യപ്പെട്ടിരുന്നില്ല. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈമാറാനായി അന്ന് തന്ത്രിയായിരുന്ന കണ്ഠരര് രാജീവര് നിര്‍ദേശം നല്‍കിയെന്നായിരുന്നുമൊഴി. പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയായിരുന്നു എന്നാണ് എസ് ഐ ടിക്ക് നേരത്തെലഭിച്ച മൊഴി. എസ് ഐ ടിയുടെ അന്വേഷണത്തില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭ്യമായതോടെയാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുക്കുന്നത്.
നാല് മണിക്കൂറിലേറെ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് തന്ത്രിയെ എസ് ഐ ടി സംഘം അറസ്റ്റു ചെയ്യുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിനടത്തിയ കൊള്ളയ്ക്ക് തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എ പത്മകുമാറും ചേര്‍ന്ന് സൗകര്യം ചെയ്തുകൊടുത്തുവെന്നാണ് എസ് ഐ ടി വ്യക്തമാക്കുന്നത്. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എന്‍ വാസുവും കൊള്ളയുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുകയാണ്. ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥനായ മുരാരിബാബു തുടങ്ങിയര്‍ തുടക്കത്തില്‍തന്നെ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. എ പത്മകുമാറും, എന്‍ വാസുവും കേസില്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായുള്ള അന്വേഷണം ഉന്നതരിലേക്ക് എന്തുകൊണ്ട് എത്തുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ ടി അന്വേഷവും ചോദ്യം ചെയ്യലും കൂടുതല്‍ കടുപ്പിച്ചത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും, അന്വേഷണത്തിന്റെ മേല്‍നോട്ടവും നിര്‍വഹിച്ചിരുന്നത്.
ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു തന്ത്രി കണ്ഠരര് രാജീവരുടെ മൊഴി. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും തന്ത്രിയുടേയും മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് കുരുക്കായി മാറിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വളരെ അടുത്ത ബന്ധമാണ് തന്ത്രി കണ്ഠരര് രാജീവര് പുലര്‍ത്തിയിരുന്നതെന്നാണ് എസ് ഐ ടി യുടെ കണ്ടെത്തല്‍. എന്‍ വാസു ദേവസ്വം കമ്മീഷണറായിരിക്കെയാണ് ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്ത് കേരളത്തിന് പുറത്തേക്ക് അറ്റകുറ്റപണികള്‍ക്കായി കൊണ്ടുപോയത്. ഇക്കാലത്ത് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറും, തന്ത്രി കണ്ഠരര് രാജീവര് ആയിരുന്നു. ഇവരുടെ മൂന്നുപേരുടേയും അറിവോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കിയതെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍.
വിശ്വാസപ്രകാരം അയ്യപ്പന്റെ പിതൃസ്ഥാനമാണ് തന്ത്രിക്ക്. ക്ഷേത്രത്തിലെ വിശ്വാസപരമായ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളാന്‍ അധികാരമുള്ളയാളാണ് തന്ത്രി. താഴ്മണ്‍ കുടുംബാംഗങ്ങള്‍ക്കാണ് ശബരിമലയിലെ തന്ത്രിസ്ഥാനം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ നാള്‍വഴികള്‍ ഒരു നീണ്ട അന്വേഷണമാണ്, ഇതില്‍ ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലെ സ്വര്‍ണം (പ്രഭാമണ്ഡലം, കട്ടിളപ്പടികള്‍, ശിവരൂപങ്ങള്‍) മോഷണം പോയതും, ഇതിന്റെ ഭാഗമായി മുന്‍ അസിസ്റ്റന്റ് ക്ഷേത്ര പൂജാരി ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതും, സ്വര്‍ണം വേര്‍തിരിച്ചതും, സ്വര്‍ണം കണ്ടെത്തിയതും ഉള്‍പ്പെടുന്നു. കേരള ഹൈക്കോടതിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി ) അന്വേഷണം നടത്തുന്നു, വലിയ തോതിലുള്ള സ്വര്‍ണ്ണം ഇനിയും കണ്ടെത്താനുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ശബരിമലയിലെ ചില വിഗ്രഹങ്ങളില്‍ സ്വര്‍ണത്തിന്റെ കവചം നഷ്ടപ്പെട്ടതായി കേരള ഹൈക്കോടതിക്ക് ലഭിച്ച പരാതിയാണ് സ്വര്‍ണക്കവര്‍ച്ചാ കേസിലേക്കുള്ള അന്വേഷണം നീളുന്നത്.
അന്വേഷണം ആരംഭിക്കുന്നു: കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നു. പ്രതികളെ പിടിക്കുന്നു: ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നുപേരെ എസ് ഐ ടി ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യുന്നു.12 നാണ് മുന്‍ ദേവസ്വം അധ്യക്ഷനായ എന്‍ വാസു അറസ്റ്റു ചെയ്യപ്പെടുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മുന്‍ അധ്യക്ഷനും സി പി ഐ എം പത്തനംതിട്ടജില്ലാ നേതാവുമായ എ പത്മകുമാറും അറസ്റ്റിലായി. ഇതോടെ കേസിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നു.
പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണം, കട്ടിളപ്പടികളിലെ ശിവരൂപം, വ്യാളി രൂപങ്ങള്‍ എന്നിവയുടെ സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി തുടര്‍ന്നുള്ള അന്വേഷണത്തില്‍ എസ് ഐ ടി കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണ്ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിച്ച് വേര്‍തിരിച്ചതായും എസ് ഐ ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇവിടെ നിന്നും കണ്ടെത്തിയ സ്വര്‍ണം ശബരിമലിയില്‍ നിന്നും മോഷണം പോയതാണോ എന്ന് ശാസ്ത്രീയമായി ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇനിയും കണ്ടെത്താനുണ്ട്, അന്വേഷണം തുടരുന്നതിനിടയിലാണ് ശബരിമലയിലെ തന്ത്രിയായ കണ്ഠരര് രാജീവര് അറസ്റ്റു ചെയ്യപ്പെടുന്നത്.
Story Highlights : Sabarimala Gold case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




