Advertisement

അന്ന് മോഹനര്, ഇന്ന് രാജീവര്; ശബരിമല തന്ത്രികുടുംബം വിവാദങ്ങളില്‍ അകപ്പെടുന്നത് ഇത് രണ്ടാം തവണ

7 days ago
Google News 2 minutes Read
kandarar

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രിയായ കണ്ഠര് രാജീവര് അറസ്റ്റിലായത് തന്ത്രി കുടുംബത്തിന് വന്‍ തിരിച്ചടിയായി. അയ്യപ്പ ഭക്തര്‍ ഏറ്റവും ആദരവോടെ കാണുന്ന തന്ത്രി ഒരു ക്രിമിനല്‍ കേസില്‍ അകപ്പെട്ടതും ജയിലില്‍ അടക്കപ്പെടുന്നതും വിശ്വാസി സമൂഹത്തെ പ്രതിരോധത്തിലാക്കുന്നതാണ്. ഇത് രണ്ടാം തവണയാണ് ശബരിമല തന്ത്രികുടുംബത്തിലെ പ്രമുഖന്‍ വിവാദങ്ങളില്‍ അകപ്പെടുന്നത്. ഇരുപത് വര്‍ഷം മുന്‍പ് ഒരു ലൈംഗിക ബ്ലാക്ക് മെയിലിംഗില്‍ അകപ്പെട്ട കണ്ഠരര് മോഹനരായിരുന്നു ആദ്യ വിവാദ തന്ത്രി.

ശബരിമലയിലെ തന്ത്രി കുടുംബത്തിലെ പ്രധാനികളായാണ് കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും അറിയപ്പെട്ടിരുന്നത്. കണ്ഠരര് മഹേശ്വര്‍ക്കൊപ്പം ശബരിമലയിലെ തന്ത്രിയായി ഇവര്‍ രണ്ടുപേരാണ് സേവനമനുഷ്ഠിച്ചിരുന്നത്. 2006 ജൂലൈ 23 നായിരുന്നു ശബരിമല മേല്‍ശാന്തി ഒരു വിവാദത്തില്‍ അകപ്പെടുന്നത്. കൊച്ചി ബ്ലാക് മെയിലിംഗ് കേസുമായിബന്ധപ്പെട്ടുള്ള വിവാദത്തിനൊടുവില്‍ മോഹനരുടെ തന്ത്രി സ്ഥാനം നഷ്ടമായി. കേരളത്തിലെ കുപ്രസിദ്ധ വനിതാ കുറ്റവാളിയായ ശോഭാ ജോണും സംഘവും വിരിച്ച കെണിയില്‍ അകപ്പെട്ടതായിരുന്നു കണ്ഠരര് മോഹനര്. ശോഭയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയ മോഹനരെ ഒരു സ്ത്രീക്കൊപ്പം നഗ്നനായി നിര്‍ത്തി ഫോട്ടോ എടുക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി 27.5 പവന്‍ സ്വര്‍ണാഭരണവും ഇരുപതിനായിരം രൂപയും കൈക്കലാക്കിയ സംഘം സ്ത്രീയൊടൊപ്പമുള്ള ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. കേസില്‍ ശോഭാ ജോണും കാസർഗോഡ് സ്വദേശി ബച്ചു റ്ഹ്‌മാനും അടക്കമുള്ള പ്രതികള്‍ അറസ്റ്റിലായി.

ലൈംഗികാരോപണക്കേസില്‍ അകപ്പെട്ട മോഹനനരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. പിന്നീട് പിതാവ് മഹേശ്വര്‍ക്കൊപ്പം ശ്രീകോവിലില്‍ പ്രവേശിച്ചതുപോലും വിവാദമായി. ഒരു സാധാരണ ഭക്തന് ലഭിക്കുന്ന പരിഗണനയല്ലാതെ മറ്റൊരു സൗകര്യവും മോഹനനര്‍ക്ക് നല്‍കരുതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. തന്ത്രി സ്ഥാനം തിരികെ ലഭിക്കാനായി ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന സി കെ ഗുപ്തന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലും മോഹനനരെ പ്രതിരോധത്തിലാക്കി. ക്രിമിനല്‍ കേസില്‍ പ്രതിയായി കണ്ഠര് മോഹനര് വര്‍ഷങ്ങളോളം ശബരിമലയില്‍ അവകാശമില്ലാത്ത താഴ്മണ്‍ കുടുംബാംഗമായി കണ്ഠരര് മോഹനനര് മാറി.

തന്റെ തന്ത്രിസ്ഥാനം തിരികെ ലഭിക്കുന്നതിനായി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും മോഹനനര് ഹര്‍ജിയുമായി എത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. താന്ത്രിക ജ്ഞാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ശബരിമല തന്ത്രിയായിരുന്ന മോഹനരെ പ്രതിരോധത്തിലാക്കി. കന്നഡ നടി ജയമാല ശബരിമലയില്‍ ശ്രീകോവിലില്‍ കയറിട്ടുണ്ടെന്നും, വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നുമുള്ള ജ്യോതിഷിയായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരുടെ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച ജസ്റ്റിസ് കെ എസ് പരിപൂര്‍ണനുമുന്നില്‍ തലകുനിച്ച് നിന്ന തന്ത്രിയായിരുന്നു കണ്ഠരര് മോഹനര്. സംസ്‌കൃതംപോലും അറിയാത്ത തന്ത്രിയായിരുന്നു മോഹനര് എന്ന് ഭക്തര്‍ തിരിച്ചറിഞ്ഞതും ഇക്കാലത്തായിരുന്നു.

ശബരിമലയിലെ ആചാരങ്ങളോ, പൂജാവിധികളോ അറിയില്ലെന്നും പരിപൂര്‍ണന്‍ കമ്മീഷന്‍ കണ്ടെത്തി കണ്ടെത്തിയതോടെ മോഹനരെ ശബരിമലയില്‍ പൂജാകര്‍മങ്ങള്‍ ചെയ്യുന്നതില്‍ വിലക്കുകയായിരുന്നു. 12 വര്‍ഷത്തെ വിലക്കുകള്‍ അവസാനിച്ചത് 2018 ല്‍.അങ്ങിനെ മോഹനനര് തന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഊഴമനുസരിച്ചായിരുന്നു ശബരിമലയില്‍ താഴ്മണ്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് തന്ത്രിസ്ഥാനം.

മോഹനരുടെ മകന്‍ മഹേഷ് മോഹനരും, കണ്ഠര് രാജീവരരുമായിരുന്നു ശബരിമലയിലെ തന്ത്രിസ്ഥാനം കൈയ്യാളിയിരുന്നത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ഠര് രാജീവരും വിവാദനായകനായി മാറിയിരിക്കയാണ്. ശബരിമലയിലെ ഏറ്റവും ഉന്നത സ്ഥാനീയനായിരുന്ന രാജീവര് അയ്യപ്പന്റെ സ്വര്‍ണപ്പാളിമോഷണ കേസുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാവുമ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ട് കേസ്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതിയായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് മോഷണത്തിനായി എല്ലാ വഴികളും തുറന്നുകൊടുത്തത് തന്ത്രിയായിരുന്ന കണ്ഠരര് രാജീവരാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എസ് ഐ ടിയുടെ പഴുതടച്ച അന്വേഷണമാണ് തന്ത്രിയെ കുരുക്കിയത്.

Story Highlights : This is the second time that the Sabarimala Thantri family has been embroiled in controversies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here