ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ
ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ. ടെഹ്‌റാനിലെ ആറ് ആശുപത്രികളിലെത്തിച്ച വെടിയേറ്റവരുടെ മരണനിരക്കാണിതെന്നും ഡോക്ടർ അറിയിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും അധികൃതർ ആശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ മാറ്റിയെന്നും ഡോക്ടർ വ്യക്തമാക്കിയതായി ടൈം മാഗസിന്റെ റിപ്പോർട്ടിലുണ്ട്.
ഡോക്ടറുടെ പേര് സുരക്ഷാകാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല.
വടക്കൻ ടെഹ്‌റാനിൽ ഇന്നലെ നടന്ന വെടിവയ്പിൽ മുപ്പതോളം പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടതായും റിപ്പോർട്ട്. രാജ്യത്ത് ഇന്റർനെറ്റ് ഉപരോധം തുടരുകയാണ്. പ്രതിഷേധക്കാർ അമേരിക്കൻ പ്രസിഡന്റിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണെന്നും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറാകില്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പ്രഖ്യാപിച്ചു. പ്രക്ഷോഭം ഇറാന്റെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 28-നാണ് വിലക്കയറ്റത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കുമെതിരെ ഇറാനിൽ പ്രക്ഷോഭം ആരംഭിച്ചത്.
അതിനിടെ പ്രക്ഷോഭത്തിൽ അമേരിക്കയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റേസ പഹ് ലവി രംഗത്തുവന്നു. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ അമേരിക്ക തയാറാകണമെന്നും പഹ് ലവി ആവശ്യപ്പെട്ടു. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റേസാ പഹ് ലവിയുടെ മകനാണ് ഇപ്പോൽ അമേരിക്കയിലുള്ള റേസ പഹ് ലവി.
Story Highlights : Around 200 protesters killed in Iran, reports Time magazine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




