Advertisement

എസ് രാജേന്ദ്രനും ബിജെപിയിലേക്ക്; പ്രമുഖരെ ക്യാമ്പിലെത്തിക്കാനുള്ള ബിജെപി പദ്ധതികള്‍ ഫലം കാണുന്നോ?

January 10, 2026
Google News 3 minutes Read
s rajendran

സിപിഐഎം ചേരിയില്‍ നിന്നും പ്രമുഖരെ സംഘപരിവാര്‍ ക്യാമ്പിലേക്ക് എത്തിക്കാനുള്ള ബിജെപി പദ്ധതികള്‍ വിജയം കാണുകയാണോ? എന്നുവേണം കരുതാന്‍. ഇടുക്കി ജില്ലയിലെ പ്രമുഖ സിപിഐഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചുവെന്നും, ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായും എസ് രാജേന്ദ്രന്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജേന്ദ്രന്‍ സിപിഐഎം നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത സിപിഐഎമ്മിന് കനത്ത പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്. തോട്ടം തൊഴിലാളി മേഖലയായ ഇടുക്കിയില്‍ സിപിഐഎമ്മിന്റെ മുഖമായിരുന്നു എസ് രാജേന്ദ്രന്‍.

Read Also: ‘രാഷ്ട്രീയാവശ്യത്തിന് മതത്തെ ഉപയോ​ഗിക്കുന്നു; എ കെ ബാലനെ തള്ളി പറയില്ല’; എംവി ​ഗോവിന്ദൻ

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് എസ് രാജേന്ദ്രന്‍ നേതൃപദവിയിലേക്ക് ഉയരുന്നത്. 2006ല്‍ ദേവികുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കാനായി പാര്‍ട്ടി ടിക്കറ്റ് നല്‍കി. 2006ല്‍ ദേവികുളത്തിന്റെ എംഎല്‍എയായി. ദേവികുളം മണ്ഡലത്തില്‍ മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടു. എംഎല്‍എമാര്‍ക്ക് സിപിഐഎം രണ്ട് ടേം കര്‍ശനമാക്കിയതോടെ ദേവികുളം രാജേന്ദ്രന് നഷ്ടമായി. തിരഞ്ഞെടുപ്പ് രാഷട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതോടെ രാജേന്ദ്രന്‍ മറുകരതേടുകയായിരുന്നു. ചില നേതാക്കളുടെ വ്യക്തിതാത്പര്യമാണ് തന്നെ മത്സരരംഗത്തുനിന്നും മാറ്റി നിര്‍ത്താനുള്ള കാരണമെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. തോട്ടംതൊഴിലാളികളുടെ നേതാവ് എന്ന നിലയില്‍ തന്നെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കനത്ത തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്ന് രാജേന്ദ്രന്‍ പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ യുവനേതാവായ എ രാജ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തന്നെ തോല്‍പ്പിക്കാന്‍ മുന്‍ എംഎല്‍എ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ പരാതി പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെയാണ് കണ്ടത്. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ രാജേന്ദ്രനെതിരെ അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്തു. 2022ല്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കാനുള്ള സിപിഐഎം ജില്ലാ കമ്മിറ്റി ശിപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ മുന്‍ എംഎല്‍എയും സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയുമായി പൂര്‍ണമായും അകന്നു. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതോടെ രാജേന്ദ്രന്‍ സമ്മര്‍ദതന്ത്രങ്ങളുമായി രംഗത്തെത്തി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2024 മാര്‍ച്ച് 20ന് ബിജെപി ദേശീയനേതാവും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായി. സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് മാധ്യമവാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, രാജേന്ദ്രന്‍ അത് നിഷേധിച്ച് രംഗത്തെത്തി. പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയമായിരുന്നില്ലെന്നും, തോട്ടം തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ അവതരിപ്പിക്കാനായിരുന്നു ഡല്‍ഹി യാത്രയെന്നുമായിരുന്നു വിശദീകരണം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയ രാജേന്ദ്രന്‍ തനിക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കിയാല്‍ പാര്‍ട്ടി അംഗത്വം പുതുക്കുമെന്നും അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണയോഗത്തില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വവുമായി യോജിച്ചുപോന്‍ തയ്യാറായില്ല. അംഗത്വം പുനഃസ്ഥാപിക്കാനായി സിപിഐഎം സംസ്ഥന സെക്രട്ടേറിയറ്റ് അംഗമായിരുന്ന കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എം എം മണി എന്നിവര്‍ 2024 ല്‍ രാജേന്ദ്രനെ സന്ദര്‍ശിച്ച് രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു രാജേന്ദ്രന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

ഇതിന് പിന്നാലെ സിപിഐഎം നേതാക്കള്‍ രാജേന്ദ്രന്റെ വീട്ടിലെത്തി അംഗത്വ ഫോം നല്‍കി. എന്നാല്‍, അംഗത്വം പുതുക്കുന്നില്ലെന്നും, പാര്‍ട്ടിയില്‍ തിരികെ പോയാല്‍ സംരക്ഷണം കിട്ടുമെന്ന് ഉറപ്പില്ലെന്നും, ചതിന്മാരായ നേതാക്കളാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നുമായിരുന്നു രാജേന്ദ്രന്റെ ആരോപണം.
പിന്നാലെ, രാജേന്ദ്രന്‍ പാര്‍ട്ടിയുമായി വീണ്ടും അകന്നു. എംഎം മണി വ്യക്തിപരമായി എസ് രാജേന്ദ്രനെതിരെ നടത്തിയ പ്രസ്താവനകളും അകല്‍ച വര്‍ധിക്കാന്‍ കാരണമായി. തോട്ടം തൊഴിലാളി മേഖലയില്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുള്ള നേതാവാണ് എസ് രാജേന്ദ്രന്‍. ഇതാണ് ബിജെപിയും ലക്ഷ്യമിടുന്നത്. കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വേണ്ടത്ര കടന്നുകയറാന്‍ ബിജെപിക്ക് അവസരം ലഭിച്ചിരുന്നില്ല. എസ് രാജേന്ദ്രനിലൂടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശം. ഒരു മാസത്തിനുള്ളില്‍ രാജേന്ദ്രന്‍ ബിജെപി അംഗത്വമെടുക്കുമെന്നാണ് പ്രഖ്യാപനം.

Story Highlights : Former CPIM MLA S Rajendran also joins BJP; Are BJP’s plans to bring prominent figures to the camp becoming successful

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here