Advertisement

രേഷ്മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം

January 10, 2026
Google News 2 minutes Read

ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം. ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രേഷ്മ ബത്തേരി പൊലീസിന് നൽകിയ പരാതിയടക്കം ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ 30നാണ് രേഷ്മയെ ബത്തേരി കോളിയാടിയിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് കാലത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭർത്താവ് ജിനേഷ് ബീനാച്ചി പഴുപ്പത്തൂർ സ്വദേശികളിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് വിവിധ ഘട്ടങ്ങളായി പലിശ സഹിതം തിരിച്ചുനൽകിയെന്ന് വ്യക്തമാക്കുന്ന ജിനേഷിൻറെ പരാതിയുടെ പകർപ്പും രേഷ്മയുടെ പരാതിയുടെ പകർപ്പും കുടുംബം പുറത്തുവിട്ടു. അന്ന് നൽകിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും വ്യാജരേഖകളും ഉപയോഗിച്ച് ജിനേഷിൻറെ വീടും സ്ഥലവും തട്ടിയെടുത്തതിൽ മനംനൊന്താണ് രേഷ്മയുടെ ആത്മഹത്യ എന്നാണ് ആരോപണം.

Read Also: ‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

കടബാധ്യതയെ തുടർന്ന് ജിനേഷ് ഇസ്രയേലിലേക്ക് പോകും മുമ്പ് ഈ സംഘം തടഞ്ഞുനിർത്തി മർദിച്ചതായും പരാതിയുണ്ട്. ആറ് മാസം മുമ്പാണ് ഇസ്രായേലിൽ വച്ച് ജിനേഷിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജിനേഷിൻറെ മരണ ശേഷം ഇതേസംഘം തന്നെ അപമാനിക്കാൻ ശ്രമിച്ചതായും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും രേഷ്മ ബത്തേരി പൊലീസിൽ കഴിഞ്ഞ ഓഗസ്റ്റ് 27ന് പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് ഒപ്പിട്ട് നൽകിയ രേഖകൾ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.

വ്യാജരേഖകൾ ചമച്ച് സ്വത്ത് തട്ടിയെടുത്തുവെന്നും മകളുടെ മരണകാരണം ബ്ലേഡ് മാഫിയ സംഘത്തിൻറെ ഭീഷണിയെന്നും ചൂണ്ടിക്കാട്ടി രേഷ്മയുടെയും ജിനേഷിൻറെയും ബന്ധുക്കൾ നൽകിയ പരാതി ബത്തേരി പൊലീസ് നിർബന്ധത്തിന് വഴങ്ങിയാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്. എന്നാൽ ഈ പരാതിയിൽ പൊലീസ് കേസെടുക്കാൻതയാറാകാത്തത് ബ്ലേഡ് മാഫിയ സംഘത്തിൻറെ ഉന്നത ബന്ധങ്ങളെന്ന ആക്ഷേപവും ശക്തമാണ്.

Story Highlights : Reshma suicide case; Family alleges involvement of blade mafia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here