തകര്‍ത്തടിച്ച് കോലി; ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യക്ക് നാല് വിക്കറ്റ് ജയം
ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 301 റണ്‍സ് വിജയലക്ഷ്യം ആറു പന്ത് ബാക്കിനില്‍ക്കേ മറികടന്നു. 93 റണ്‍സ് എടുത്ത വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (56) ശ്രേയസ് അയ്യര്‍ (49) എന്നിവരും തിളങ്ങി. മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. 71 പന്തിലാണ് ഗില്‍ 56 റണ്‍സ് എടുത്തത്. 26 പന്തില്‍ രോഹിത് 29 റണ്‍ നേടി. രോഹിത് പുറത്തായെങ്കിലും കോലിക്കൊപ്പം ചേര്‍ന്ന് ഗില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഗില്‍ പുറത്തായതിന് ശേഷം വന്ന ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. 44 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്. കോലിയുടെ ഏകദിന ക്രിക്കറ്റിലെ 77ാം അര്‍ധ സെഞ്ചുറി നേട്ടമായി ഇത്. അതിനിടെ 28000 അന്താരാഷ്ട്ര റണ്‍സ് എന്ന നാഴികകല്ലും ഒപ്പം സംഗക്കരയെ മറികടന്ന് അന്താരാഷ്ട്ര റണ്‍സില്‍ രണ്ടാം സ്ഥാനത്തേക്കും കോലി എത്തി. 93 റണ്‍സില്‍ നില്‍ക്കെ ജാമിസണാണ് കോലിയെ വീഴ്ത്തിയത്. ഇതോടെ കളി മാറി. ജഡേജയും 49 റണ്‍സ് എടുത്ത ശ്രേയസും പുറത്തായി. ഇന്ത്യ സമ്മര്‍ദ്ദത്തില്‍ ആയി.
കെ എല്‍ രാഹുലും ഹര്‍ഷിതും ആയിരുന്നു ക്രീസില്‍. മികച്ച ബാറ്റിംഗ് കാഴ്ചവച്ച് ഹര്‍ഷിത് സമ്മര്‍ദമകറ്റി. കെഎല്‍ രാഹുല്‍ (29), ഹര്‍ഷിത് റാണ (29) എടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ (7) പുറത്താകാതെ 7 റണ്‍സ് എടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ്. ഡാരില്‍ മിച്ചല്‍ (84), ഹെന്റി നിക്കോള്‍സ് (62), ഡെവോണ്‍ കോണ്‍വെ (56) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights : Team India won the first ODI against New Zealand by four wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




