കേരളാ കോണ്‍ഗ്രസ് എം, ആര്‍ ജെ ഡി നിലപാടുകള്‍ എന്ത് ?എല്‍ഡിഎഫ് വിടുമോ? മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവം
കേരളാ കോണ്‍ഗ്രസ് എം വീണ്ടും യുഡിഎഫില്‍ എത്തുമോ? കേരളരാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ഉയരുന്ന ചര്‍ച്ചാവിഷയമാണ് കേരളാ കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം. കേരളാ കോണ്‍ഗ്രസിന് പിന്നാലെ ആര്‍ജെഡിയും എല്‍ഡിഎഫ് വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍ ഡി എഫ് തിരുവനന്തപുരത്ത് നടന്ന സത്യാഗ്രഹസമരത്തില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും വിട്ടുനിന്നതോടെയാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളും മുന്നണി വിടുമെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ യുഡിഎഫ് നേതൃത്വം ആരംഭിച്ചിരുന്നുവെങ്കിലും ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു ജോസ് കെ മാണി. മുന്നണി വിടേണ്ട സാഹചര്യങ്ങള്‍ നിലവില്‍ ഇല്ലെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ വ്യക്തമാക്കിയത്. (will kerala congress M leave LDF?)
എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാവുമെന്നാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം സിപിഐഎം കാലുവാരിയതാണെന്നായിരുന്നു ഒരുവിഭാഗം നേതാക്കളുടെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണിക്കുണ്ടായ തിരിച്ചടിക്ക് കാരണം സിപിഐഎം വോട്ടുകള്‍ ലഭിക്കാത്തതാണെന്ന് ആരോപണമുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ട അത്രയും സീറ്റുകള്‍ ലഭിച്ചെങ്കിലും വിജയിക്കാനായത് വളരെ കുറച്ച് സീറ്റുകളില്‍ മാത്രമായിരുന്നു. ഇതേ സ്ഥിതി ആവര്‍ത്തിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് പ്രൊഫ ജയരാജ്, കോന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവര്‍ തത്ക്കാലം മുന്നണിമാറ്റം വേണ്ടെന്ന നിലപാടിലാണ്.
Read Also: വിമർശനം പക്വത ഇല്ലാത്തത്; കേസിന്റെ ട്രയൽ സമയം മുഴുവനും കോടതിയിൽ ഉണ്ടായിരുന്നു, അഡ്വ. ടി ബി മിനി
ജോസഫ് വിഭാഗവുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു ജോസ് കെ മാണിയെ യുഡിഎഫ് വിടാന്‍ പ്രേരിപ്പിച്ച ഘടകം. ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മുന്നണി മാറ്റത്തില്‍ കലാശിക്കുകയായിരുന്നു. 44 വര്‍ഷം യുഡിഎഫിന്റെ ഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസ് എം. മധ്യകേരളത്തിലെ യു ഡി എഫ് രാഷ്ട്രീയത്തിന്റെ കരുത്തായിരുന്നു കേരളാ കോണ്‍ഗ്രസ്. യുഡിഎഫ് കോട്ടയായിരുന്ന കോട്ടയത്ത് കഴിഞ്ഞ തവണ എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. അഞ്ച് സീറ്റില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായി. ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ശക്തമായ പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് എമ്മാണ്. പാലായില്‍ തോറ്റുവെങ്കിലും കേരളാ കോണ്‍ഗ്രസ് എം പ്രധാന പാര്‍ട്ടിതന്നെയാണ്. ജോസ് കെ മാണി മാണി സി കാപ്പനോട് തോറ്റത് വലിയ തിരിച്ചടിയായിരുന്നു. 2022 ലെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്താണ് കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെടുന്നത്. കേരളാ കോണ്‍ഗ്രസ് എം യു ഡി എഫിലേക്ക് തിരിച്ചുവരുന്നതില്‍ ശക്തമായ വിയോജിപ്പിലാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പാലായില്‍ നിലവില്‍ യു ഡി എഫിലെ മാണി സി കാപ്പനാണ് സിറ്റിംഗ് എം എല്‍ എ. പാലായുടെ കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ ജോസ് കെ മാണി മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ. പാലാവിട്ട് എങ്ങോട്ടുമില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. മാണി സി കാപ്പനും പാലയില്‍ വിട്ടു വീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയാതാണ്.
അതേസമയം കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫിലെ പ്രധാന ഘടകകക്ഷിയാണെന്നാണ് സിപിഐഎം നേതൃത്വം വ്യക്തമാക്കുന്നത്. അടുത്തമാസം ആരംഭിക്കുന്ന എല്‍ഡിഎഫ് മേഖലാ ജാഥയില്‍ മധ്യമേഖലാ ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണിയാണ്. അതിനാല്‍ മേഖലാ ജാഥയ്ക്ക് മുന്‍പ് മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് നീക്കം.
മുന്നണിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ആര്‍ ജെ ഡിയും ഉടക്കിലാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ശ്രേയാംസ് കുമാര്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും തുടര്‍ച്ചയായി എല്‍ ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കാറില്ല. മുന്നണി വിടണമെന്ന് ആര്‍ ജെ ഡിയിലെ ഭൂരിപക്ഷം നേതാക്കളും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഏക എം എല്‍ എയായ കെ പി മോഹനന്‍ മുന്നണി മാ്റ്റത്തെ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ തവണ കേരളത്തില്‍ ഒഴിവുവന്ന ഒരു രാജ്യസഭാ സീറ്റ് ആര്‍ ജെ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ് സി പി ഐക്കായിരുന്നു നല്‍കിയത്. എല്ലാ ഘടകകക്ഷി എം എല്‍ എമാര്‍ക്കും ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ ആര്‍ ജെ ഡിക്ക് മന്ത്രി സ്ഥാനം നല്‍കിയിരുന്നില്ല. നേരത്തെ യു ഡി എഫിന്റെ ഭാഗമായിരുന്ന ആര്‍ ജെ ഡി എല്‍ ഡി എഫില്‍ തിരിച്ചെത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് ആര്‍ ജെ ഡിയുടെ പ്രധാന ആരോപണം.
Story Highlights : will kerala congress M leave LDF?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




